പാലക്കാട്: ആലത്തൂർ ഇരട്ടക്കുളം അസീസിയ ഹോസ്പിറ്റലും ബിസിനസ് ക്ലബ്ബും ചേർന്ന് സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ പരിശോധനകൾ, രോഗനിർണയം,ആവശ്യമായ വിദഗ്ധ ഉപദേശങ്ങൾ എന്നീ മേഖലകളിൽ പൊതുജനങ്ങൾക്ക് സൗജന്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിന് ഗണ്യമായ പിന്തുണ ലഭിച്ചു .
നെഫ്രോളജി, ഹൃദയരോഗ വിഭാഗം, ഫാമിലി മെഡിസിൻ, ഇ എൻ ടി, ജനറൽ മെഡിസിൻ, എന്നീ വിഭാഗങ്ങളിലെ പ്രമുഖ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിൽ സേവനമനുഷ്ഠിച്ചു. വിവിധ രോഗങ്ങളെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും മുൻകരുതലുകളെ കുറിച്ചും ആരോഗ്യശുദ്ധി പരിപാലനത്തെ കുറിച്ചും ജനങ്ങൾക്കായി പ്രത്യേക കൗൺസിലിംഗും നടത്തി.
അസീസിയ ഹോസ്പിറ്റലിന്റെ എം.ഡി ഹാഷിം അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യസേവനങ്ങളുടെ പ്രാധാന്യം ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ക്യാമ്പുകൾ നൽകുന്ന നേട്ടമെല്ലാം അദ്ദേഹം വിശദീകരിച്ചു. ക്ലബ്ബ് പ്രസിഡന്റ് സൈദ് മുഹമ്മദ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു.
ഡോ. ശ്രീകൃഷ്ണ, ഡോ. ഹംസ ഷേക്ക് ചിന്നാവ, ഹക്കീം എന്നിവർ ആരോഗ്യ ബോധവൽക്കരണത്തെ കുറിച്ചും ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ പരിപാലനത്തിന്റെ ആവശ്യകതയെ കുറിച്ചും പ്രസംഗിച്ചു. രക്തസമ്മർദ്ദം, ഷുഗർ, ഇ എൻ ടി പരിശോധനകൾ എന്നിവയ്ക്ക് നിരവധി പേർ എത്തിയിരുന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തിയവർക്ക് തുടർ ചികിത്സയ്ക്ക് ആവശ്യമായ മാർഗനിർദേശങ്ങളും നൽകി.






