കോഴിക്കോട്: കോഴിക്കോട് ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സബ് കളക്ടർ. അസ്‌ലം പിഎം എന്ന ബിഎല്‍ഒയ്ക്കാണ് സബ് കളക്ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എസ്‌ഐആറിന്റെ എന്യുമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിയാണ് നോട്ടീസ് അയച്ചത്. ഏല്‍പ്പിച്ച ജോലി നിരുത്തരവാദിത്വപരമായി കൈകാര്യം ചെയ്‌തെന്നും നോട്ടീസില്‍ പറയുന്നു. നവംബര്‍ 15ന് മുമ്പായി കാരണം ബോധ്യപ്പെടുത്തണമെന്നും നോട്ടീസില്‍ പറയുന്നു. 984 വോട്ടര്‍മാരില്‍ 390 പേര്‍ക്കാണ് ബിഎല്‍ഒ ഫോം നല്‍കിയത്.
പയ്യന്നൂര്‍ മണ്ഡലം പതിനൊന്നാം ബൂത്തിലെ ബിഎല്‍ഒയായിരുന്ന അനീഷ് ജോര്‍ജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ എസ്‌ഐആറുമായി ബന്ധപ്പെട്ട് ബിഎല്‍ഒമാര്‍ നേരിടുന്നത് വലിയ സമ്മര്‍ദമാണന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ജോലി സമ്മര്‍ദം മൂലമായിരുന്നു അനീഷ് ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. പിന്നാലെ സമാന അനുഭവങ്ങള്‍ പങ്കുവെച്ച് ബിഎല്‍ഒമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അസ്‌ലമിന് സബ് കളക്ടറുടെ കാരണം കാണിക്കല്‍ നോട്ടീസ് വന്നിരിക്കുന്നത്.




