ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘നരിവേട്ട’. സംവിധായകൻ അനുരാജ് മനോഹറിന്റെ മുന്‍ സിനിമയിൽ നിന്ന് തീർത്തും വ്യത്യസ്‌തമായിരിക്കും ‘നരിവേട്ട’ എന്ന ചിത്രമെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാണ്. 2003 ൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ നടന്ന മുത്തങ്ങ സമരത്തിന്റെയും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളെയും പിൻപറ്റിയാണ് ചിത്രം കഥ പറയുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.ഇപ്പോൾ ചിത്രത്തിലെ ‘ആടു പൊൻമയിൽ’ എന്ന ഗാനം റിലീസ് ചെയ്തു.
ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയത് അതുൽ നറുകര, പുലയ ട്രഡീഷണൽ, ബി കെ ഹരിനാരായണൻ എന്നിവർ ചേർന്നാണ്. അതുൽ നറുകര, ബിന്ദു ചേലക്കര എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഏറെ ശ്രദ്ധനേടിയ കടുവ സിനിമയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’, എന്ന ഗാനത്തിന് ശേഷം അതുല്‍ ആലപിച്ച ഗാനം കൂടിയാണിത്. മെയ് 23 ന് നരിവേട്ട തിയേറ്ററുകളിൽ എത്തും. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഗാനങ്ങൾക്കും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ചേരൻ്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട.






