തിരുവനന്തപുരം: വഖഫ് ബോർഡിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി രംഗത്ത്. ആവശ്യം മുഖ്യമന്ത്രിയെയും വഖഫ് മന്ത്രിയെയും അറിയിച്ചതായാണ് വിവരം. നിർദേശം പരിഗണിക്കാമെന്ന് യു.ഡി.എഫ് നേതാക്കൾ ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന് ഉറപ്പുനൽകിയതായും സൂചനയുണ്ട്. വഖഫ് ബോർഡ് പുനഃസംഘടന ഉടൻ നടക്കാനിരിക്കെയാണ് പുതിയ ബോർഡിൽ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വത്തെയും സംഘടന സമീപിച്ചിരുന്നു.
മുൻ യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് ജമാഅത്തെ ഇസ്ലാമിക്ക് വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകിയിരുന്നില്ല. എന്നാൽ, എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒരു ഘട്ടത്തിൽ പ്രാതിനിധ്യം ലഭിച്ചിരുന്നുവെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇത്തവണ യു.ഡി.എഫിന് അനുകൂലമായ നിലപാട് പലതവണ സ്വീകരിച്ച വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരുടെ ഓഫീസുകളിൽ നിയമനങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
സാധാരണയായി മുസ്ലിം സംഘടനകൾക്കാണ് വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകുന്നത്. പ്രധാനപ്പെട്ട മുസ്ലിം സംഘടനയെന്ന നിലയിൽ തങ്ങളെയും പരിഗണിക്കണമെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മുസ്ലിം ലീഗിനാണ് പ്രധാന പങ്ക്. സമസ്തയുടെ ഇ.കെ., എ.പി. വിഭാഗങ്ങൾ, സലഫി, മുജാഹിദ് വിഭാഗങ്ങൾ തുടങ്ങിയവർക്കാണ് സാധാരണയായി ബോർഡിൽ പ്രാതിനിധ്യം ലഭിക്കാറുള്ളത്. ഇവർക്കൊപ്പം ജമാഅത്തെ ഇസ്ലാമിയെയും പരിഗണിക്കാമെന്നാണ് യു.ഡി.എഫ് നേതൃത്വം ഉറപ്പുനൽകിയതെന്നാണ് വിവരം.
ജമാഅത്തെ ഇസ്ലാമി മുൻ നിലപാടുകളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അതിനാൽ സംഘടനയുടെ പിന്തുണ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും വി.ഡി. സതീശൻ തിരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വഖഫ് ബോർഡ് പുനഃസംഘടനയിൽ ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യവും പരിഗണിക്കേണ്ടിവന്നേക്കും.
പുതിയ വഖഫ് ബോർഡിൽ ചെയർമാൻ സ്ഥാനം സമസ്തയുടെ ഇ.കെ. വിഭാഗത്തിന് ലഭിക്കാനാണ് സാധ്യതയെന്നാണ് സൂചന. ഒണമ്പള്ളി മുഹമ്മദ് ഫൈസിയുടെ പേരാണ് ഇ.കെ. വിഭാഗം മുന്നോട്ടുവെക്കുന്നത്. മുത്തവല്ലി വിഭാഗത്തിലും ലീഗ് അനുകൂലിയായ ഇ.കെ. വിഭാഗം നേതാവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പണ്ഡിത പ്രതിനിധിക്കുള്ള സ്ഥാനത്തേക്ക് ജമാഅത്തെ ഇസ്ലാമിയെ പരിഗണിച്ചേക്കാമെന്നും സൂചനയുണ്ട്.
എന്നാൽ, ജമാഅത്തെ ഇസ്ലാമിക്ക് പ്രാതിനിധ്യം നൽകുന്നതിനെതിരെ സുന്നി സംഘടനകൾ രംഗത്തെത്താൻ സാധ്യതയുണ്ട്. ജമാഅത്തെ ഇസ്ലാമിയെ സ്വതന്ത്ര മുസ്ലിം സംഘടനയായി പരിഗണിക്കുന്നതിൽ മറ്റ് ചില മുസ്ലിം സംഘടനകൾക്കും വിയോജിപ്പുണ്ടെന്നാണ് വിവരം. ഈ എതിർപ്പുകൾ മറികടന്ന് ജമാഅത്തെ ഇസ്ലാമിക്ക് വഖഫ് ബോർഡിൽ പ്രാതിനിധ്യം ഉറപ്പാക്കുക എന്നത് സർക്കാരിന് വെല്ലുവിളിയായേക്കും.


