പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക സംഭവം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും, അഛനും അമ്മയും ചെന്താമരയെന്ന മനോരോഗിയാൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഖിലക്കും അതുല്യക്കും അർഹമായ നീതിയും സഹായവും ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതരമായ അനാസ്ഥ തുടരുന്നതായി യൂത്ത് കോൺഗ്രസ്–കെ.എസ്.യു നേതാക്കൾ ആരോപിച്ചു. ഇരകളുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന ആവശ്യം ഉയർത്തി നെന്മാറയിൽ സംഘടിപ്പിച്ച നിരാഹാര സമരം ശക്തമായ പ്രതിഷേധമായി മാറി.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ സർക്കാർ പ്രഖ്യാപിച്ച 3 ലക്ഷം രൂപയുടെ നഷ്ടപരിഹാരം തീർത്തും അപര്യാപ്തമാണെന്നും, ഇരകളുടെ കുടുംബത്തിന് 14 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സുരക്ഷയും സംരക്ഷിക്കേണ്ട സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന വിമർശനവും സമരവേദിയിൽ ഉയർന്നു.
നിരാഹാര സമരം ഡോ. ലക്ഷ്മി ആർ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർക്കാർ തുടരുന്ന നീതി നിഷേധത്തിനെതിരെ ശക്തമായ ജനാധിപത്യ ഇടപെടലുകൾ ഉണ്ടാകുമെന്നും, അഖിലക്കും അതുല്യക്കും നീതി ഉറപ്പാക്കുന്നതുവരെ പോരാട്ടങ്ങൾ തുടരുമെന്നും അവർ പറഞ്ഞു.
നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് സി. സി. സുനിൽ അഭിവാദ്യങ്ങൾ അർപ്പിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനീഷ് കരിമ്പാറ, കെ.എസ്.യു നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ് നെന്മാറ എന്നിവർ സമരത്തിന് നേതൃത്വം നൽകി. അഫ്‌സർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസ് അദ്ധ്യക്ഷനായി.
നെന്മാറ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി. മണി, വൈസ് പ്രസിഡന്റ് പ്രബിത, വിനിത് കരിമ്പാറ, മെമ്പർമാരായ എം. ആർ. നാരായണൻ, സംഗീത, സൗമ്യ, ആന്റണി എം. ജെ., വേലായുധൻ, വിഷ്ണു അയിലൂർ എന്നിവരുള്‍പ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും സമരത്തിൽ പങ്കെടുത്ത് സംസാരിച്ചു.






