പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ഉദയഭാനുവിന്റെ ആരോപണം.
കെ.പി. ഉദയഭാനു പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്ത് ഒരു വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തിയെന്ന തരത്തിൽ ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഉദയഭാനു ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചും പോസ്റ്റിൽ പരാമർശമുണ്ടായിരുന്നു. ഇതിനെതിരെയാണ് ഉദയഭാനു നിയമനടപടിയുമായി രംഗത്തെത്തിയത്.
വിവാദ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യണമെന്നും തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിന് ശ്രീനാദേവി കുഞ്ഞമ്മ രേഖാമൂലം മാപ്പ് പറയണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ നിർദേശിക്കുന്നു.
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കെ.പി. ഉദയഭാനുവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അടൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തിയെന്നും ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന വ്യക്തിയാണെന്ന് ചിത്രീകരിക്കാൻ ശ്രമിച്ചെന്നുമുള്ള ആരോപണങ്ങൾ എഫ്.ഐ.ആറിലുണ്ട്.
പാലക്കാട് മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. സി.പി.ഐ വിട്ട് കോൺഗ്രസിലെത്തിയ നേതാവാണ് ശ്രീനാദേവി കുഞ്ഞമ്മ.




