കണ്ണൂർ: കോൺഗ്രസിലെ കത്ത് വിവാദത്തിൽ വിശദീകരണവുമായി കെ. സുധാകരന്റെ അനന്തരവൻ അജിത് കുമാർ രംഗത്ത്. ഗ്രൂപ്പിൽ നിന്ന് ലഭിച്ച കത്ത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്തതാണെന്നും അത് വ്യാജമാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കെ. സുധാകരനെ മോശമാക്കാനാണ് തനിക്കെതിരെ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും കെഎസ് ബ്രിഗേഡ് എന്ന ഗ്രൂപ്പിൽ അദ്ദേഹം വിശദീകരിച്ചു.
വിവാദവുമായി ബന്ധപ്പെട്ട് സൈബർ പൊലീസ് അജിത് കുമാറിനെ ചോദ്യം ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സണ്ണി ജോസഫ് എഐസിസിക്ക് അയച്ചത് എന്ന പേരിലാണ് കത്ത് വ്യാപകമായി പ്രചരിച്ചത്.
കണ്ണൂരിൽ കെ. സുധാകരനെ സ്ഥാനാർത്ഥിയാക്കിയാൽ വിജയസാധ്യത കുറവാണെന്നും പകരം ടി.ഒ. മോഹനനെ നിർദേശിക്കുന്നുവെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. കത്ത് വ്യാജമാണെന്ന് സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ അബ്ദുൾ ഖാദർ, കെ.ജെ. ജോസഫ് എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണ്.




