ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. അതിജീവിതയുടെ ആൺ സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. 30-കാരിക്കു നേരേ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമമുണ്ടായത്.
ജോലിസമയം കഴിഞ്ഞ് സുഹൃത്ത് ഡി. റോബിനൊപ്പം (28) ഭക്ഷണം കഴിക്കാൻ പോയതായിരുന്നു ഇവർ. ഭക്ഷണത്തിനുശേഷം ഇരുവരും ആളൊഴിഞ്ഞ സ്ഥലത്തേക്കുപോയി. അവിടേക്ക് റോബിൻ തന്റെ സുഹൃത്ത് പി. മഹാരാജയെ (25) വിളിച്ചുവരുത്തി. അതിജീവിതയുമായി നേരത്തേ അടുപ്പമുണ്ടായിരുന്നയാളാണ് മഹാരാജ. സുഹൃത്തായ കെ. ഹരീഷ് രാജനൊപ്പമാണ് (21) മഹാരാജ എത്തിയത്. താനുമായും ഹരീഷുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് പോലീസുകാരിയോട് മഹാരാജ ആവശ്യപ്പെട്ടു. അതിനു വിസമ്മതിച്ചപ്പോൾ ഇരുവരും അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.






