ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്ക എയ്ക്കെതിരായ നിർണായക മത്സരത്തിൽ ഇന്ത്യ എയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ വൈഭവ് സൂര്യവംശിയെയും പ്രഭ്‌സിമ്രാൻ സിംഗിനെയും തുടക്കത്തിൽ തന്നെ നഷ്ടമായി.
ആക്രമണാത്മക ബാറ്റിങ്ങിലൂടെ ശ്രദ്ധ നേടിയ കൗമാരതാരം വൈഭവ് സൂര്യവംശി 14 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും ഉൾപ്പെടെ 21 റൺസെടുത്തു. ഗുണശേഖരയുടെ ഓവറിൽ രണ്ട് ഫോറും ഒരു സിക്സും പറത്തി മികച്ച തുടക്കം നൽകിയ താരം നാലാം ഓവറിൽ സഹൻ ആച്ചിഗെയുടെ പന്തിൽ വാനുജ സഹന് ക്യാച്ച് നൽകി മടങ്ങി.
തുടർന്ന് ഏഴാം ഓവറിൽ 11 റൺസെടുത്ത പ്രഭ്‌സിമ്രാൻ സിംഗും പുറത്തായതോടെ ഇന്ത്യ 39 റൺസിന് രണ്ട് വിക്കറ്റ് നഷ്ടത്തിൽ പ്രതിസന്ധിയിലായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിലാണ് ഇന്ത്യ. അഞ്ച് റൺസുമായി ഋതുരാജ് ഗെയ്‌ക്‌വാദും റൺസ് നേടാതെ ക്യാപ്റ്റൻ തിലക് വർമയുമാണ് ക്രീസിൽ.
അഫ്ഗാനിസ്ഥാൻ എയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. യാഷ് താക്കൂറും അനുകുൽ റോയിയും പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തി.
ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം വെള്ളിയാഴ്ച അഫ്ഗാനിസ്ഥാൻ എയ്‌ക്കെതിരെയും ഇന്ത്യയ്ക്ക് ഒരു മത്സരം ബാക്കിയുണ്ട്.






