കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള ചെയർമാൻമാരെ തിരഞ്ഞെടുത്തു. വരണാധികാരിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വികസനകാര്യം, ധനകാര്യം, ക്ഷേമകാര്യം, ആരോഗ്യ- വിദ്യാഭ്യാസം എന്നീ നാല് പ്രധാന കമ്മിറ്റികളുടെ അധ്യക്ഷന്മാരെയാണ് നിശ്ചയിച്ചത്.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ടോമി മാത്യു പ്രാലടിയിലിനെ തിരഞ്ഞെടുത്തു. പഞ്ചായത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി ദീപ ഇന്ദുചൂഡൻ മൂലക്കാട്ടിനെയും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി മിനു സാവിയോ കദളിക്കാലയെയും തിരഞ്ഞെടുത്തു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി കേരള കോൺഗ്രസിലെ നോബി മുണ്ടയ്ക്കനാണ് ചുമതലയേറ്റത്.
തിരഞ്ഞെടുക്കപ്പെട്ട പുതിയ അധ്യക്ഷന്മാർ ഉടൻ തന്നെ ചുമതലയേൽക്കുമെന്നും പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ ഭരണസമിതി ഒറ്റക്കെട്ടായി നീങ്ങുമെന്നും തിരഞ്ഞെടുപ്പിന് ശേഷം അധികൃതർ അറിയിച്ചു.






