കണ്ണൂർ:കേരള രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റും ഭരണകൂടത്തിനെതിരെ കടുത്ത ജനവികാരവും ഉയർത്തിയ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ നീണ്ട എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ നാളെ വിചാരണ ആരംഭിക്കുന്നു. സി.പി.എം ക്യാമ്പുകളിൽ നിന്നുള്ള കടുത്ത എതിർപ്പുകളും പ്രതികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കോടതികളിൽ ഉയർത്തിയ തടസ്സവാദങ്ങളും നിയമപോരാട്ടങ്ങളും കാരണമാണ് കേസിന്റെ വിചാരണ ഇത്രയും നീണ്ടുപോയത്. രാഷ്ട്രീയ ക്വട്ടേഷൻ സംഘത്തലവൻ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 17 സി.പി.എം പ്രവർത്തകർ പ്രതിക്കൂട്ടിൽ നിൽക്കുന്ന കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് നാളെ മുതൽ നടക്കുന്നത്. വിചാരണ വേളയിൽ ഇരകളുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ വയ്ക്കുന്നതിന്റെ മുഴുവൻ ചെലവും കെ.പി.സി.സി വഹിക്കുമെന്ന് പ്രസിഡന്റ് സണ്ണി ജോസഫ് ഷുഹൈബിന്റെ കുടുംബത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബം തന്നെ നിർദ്ദേശിച്ച പ്രമുഖ അഭിഭാഷകൻ അഡ്വ. കെ. പത്മനാഭനാണ് കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി ഹാജരാകുന്നത്.
കേരളത്തെ നടുക്കിയ ആ ക്രൂരമായ കൊലപാതകം നടക്കുന്നത് 2018 ഫെബ്രുവരി 12-നാണ്. എടയന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന ഷുഹൈബ് സുഹൃത്തുക്കൾക്കൊപ്പം തട്ടുക്കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കവെയാണ് ആസൂത്രിതമായി എത്തിയ സി.പി.എം ക്വട്ടേഷൻ സംഘം മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ആദ്യം ബോംബെറിയുകയും, തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷുഹൈബിനെ ക്രൂരമായ രീതിയിൽ 41 തവണ വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സംസ്ഥാന പൊലീസിന്റെ അന്വേഷണം മതിയവില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കൾ തുടക്കം മുതൽ തന്നെ രംഗത്തുവന്നിരുന്നു. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് സിംഗിൾ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് സർക്കാരിനും സി.പി.എമ്മിനും വലിയ തിരിച്ചടിയായിരുന്നു.
എന്നാൽ സി.ബി.ഐ അന്വേഷണം എങ്ങനെയും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഈ വിധിക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യിക്കുകയുമായിരുന്നു. സർക്കാരിന്റെ ഈ നിലപാടിനെതിരെ ഷുഹൈബിന്റെ അച്ഛൻ സി.പി. മുഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചതോടെ രാജ്യം കണ്ട ഏറ്റവും ചിലവേറിയ നിയമപോരാട്ടങ്ങളിലൊന്നിനാണ് വഴിതുറന്നത്. കേസിൽ സി.ബി.ഐ അന്വേഷണം വരാതിരിക്കാൻ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മുതിർന്ന സുപ്രീംകോടതി അഭിഭാഷകരെ കോടികൾ നൽകിയാണ് സർക്കാർ കോടതികളിൽ ഹാജരാക്കിയത്. ഹൈക്കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിക്ക് മാത്രം 64.40 ലക്ഷം രൂപയും, മറ്റൊരു പ്രമുഖ അഭിഭാഷകൻ അമരീന്ദർ സിംഗിന് 22 ലക്ഷം രൂപയും ഖജനാവിൽ നിന്ന് ഫീസായി നൽകി. ഇതിന് പുറമെ സുപ്രീംകോടതിയിൽ സർക്കാരിന് വേണ്ടി വാദിക്കാൻ വിജയ് ഹൻസാരിയും ജയദീപ് ഗുപ്തയും എത്തിയപ്പോൾ അവിടെ മാത്രം ഫീസിനത്തിൽ 3.30 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. സ്വന്തം നാട്ടിലെ ഒരു സാധാരണക്കാരനായ യുവാവ് കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം തടയാൻ പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം ലക്ഷക്കണക്കിന് രൂപ സർക്കാർ ധൂർത്തടിച്ചത് അക്കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു.






