റിയാദ്: സൗദി തലസ്ഥാനത്ത് മസാജ് സെന്റർ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഏഴ് വിദേശികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു ‘റിലാക്സേഷൻ ആൻഡ് ബോഡി കെയർ സെന്ററിൽ’ അനിയമിതമായ പ്രവർത്തനങ്ങൾ നടക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്യൂണിറ്റി സെക്യൂരിറ്റിയും മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവർക്കെതിരെ നിയമപരമായ പ്രാഥമിക നടപടികൾ പൂർത്തിയാക്കി തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.
നിയമലംഘനങ്ങൾ കണ്ടെത്തിയ മസാജ് സെന്ററിനെതിരെ റിയാദ് മുനിസിപ്പാലിറ്റി മുനിസിപ്പൽ പെനാൽറ്റി റെഗുലേഷൻ പ്രകാരം കർശന ശിക്ഷാ നടപടികൾ സ്വീകരിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ തുടരുമെന്നും പൊതുനിയമങ്ങളും രാജ്യത്തെ ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.






