തൃശൂർ: അന്തിക്കാട് പുത്തൻപീടികയിൽ ഭാര്യയുടെ വീട്ടിന് നേരെ ഭർത്താവിന്റെ ആക്രമണം. ജനൽ ചില്ലുകൾ തകർത്തതോടൊപ്പം പോർച്ചിലിരുന്ന സ്‌കൂട്ടറും തീയിട്ട് നശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
പുത്തൻപീടിക തണ്ടാശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തണ്ടാശ്ശേരി രാധാകൃഷ്ണന്റെ വീടിനാണ് ആക്രമണം ഉണ്ടായത്. വൈകിട്ട് 7.30ഓടെയാണ് സംഭവമെന്നാണ് റിപ്പോർട്ട്. രാധാകൃഷ്ണന്റെ മകളുടെ ഭർത്താവായ തളിക്കുളം സ്വദേശി ഷക്കീറാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.
സംഭവസമയത്ത് വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യയും മകളും കൊച്ചു മകനും മാത്രമാണ് ഉണ്ടായിരുന്നത്. അക്രമാസക്തനായി എത്തിയ പ്രതി വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത ശേഷം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പിന്നീട് ഏതാനും മണിക്കൂറുകൾക്ക് ശേഷം തിരിച്ചെത്തി വീടിന് മുന്നിൽ നിർത്തിയിരുന്ന ഇരുചക്രവാഹനം തീയിട്ട് നശിപ്പിച്ചതായും പറയുന്നു.
ഇതേ കുടുംബത്തിന് നേരെ 10 മാസം മുൻപും ആക്രമണം നടന്നിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലും പ്രതി എത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചതായും കേസുകളുണ്ടെന്ന് അറിയുന്നു. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.






