കോട്ടയം: ഏറെ തിരക്കുള്ള കറുകച്ചാൽ പഞ്ചായത്ത് ജങ്ഷൻ പതിവ് അപകടമേഖലയാണ്. റോഡരികിലെ വാഹനങ്ങളുടെ നീണ്ട നിര, വേഗനിയന്ത്രണ സംവിധാനങ്ങളുടെ അഭാവം, സുരക്ഷാ ക്രമീകരണങ്ങളില്ല തുടങ്ങി പലപ്രശ്‌നങ്ങളാണ്. ഇതിനിടയിലൂടെ വേണം യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ. ഇവിടെ സിവിൽ സ്‌റ്റേഷനുള്ളിൽ ആറ് സർക്കാർ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
ഇതു കൂടാതെ കടകളും മറ്റ് സ്ഥാപനങ്ങളും സമീപത്തുണ്ട്. രാവിലെ മുതൽ ഇവിടെ നല്ല തിരക്കാണ്. വിവിധ ഓഫീസുകളിലേക്ക് എത്തുന്ന ആളുകൾ വാഹനങ്ങൾ വാഴൂർ റോഡിന്റെ വശങ്ങളിലാണ് പാർക്കുചെയ്യുന്നത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
കറുകച്ചാൽ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ സിവിൽസ്‌റ്റേഷൻ വളപ്പിലേക്ക് തിരിയുമ്പോൾ ചങ്ങനാശ്ശേരി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം രണ്ട് കാറുകൾ കൂട്ടിയിടിച്ചു. മാസങ്ങൾക്കുമുൻപ് സ്‌കൂട്ടറിന് പിന്നിൽ ക്രെയിൻ ഇടിച്ച് വിദ്യാർഥിനി മരിച്ചു. ടോറസ് കയറി വീട്ടമ്മ മരിച്ചതും ഇതേ കവലയിലാണ്.
എപ്പോളും തിരക്കേറിയ അപകട സാധ്യതയുള്ള ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കൃത്യമായ ട്രാഫിക് നിയന്ത്രണം ഇവിടെ ആവശ്യമാണ്. നൂറുകണക്കിന് ആളുകൾ എത്തുന്ന തിരക്കേറിയ ഭാഗത്ത് അനുയോജ്യമായ ഗതാഗതക്രമീകരണം ഉണ്ടാകണം.




