കൊല്ലം: കൊല്ലം കരുനാഗപ്പള്ളി സന്തോഷ് കൊലപാതകക്കേസില്‍ മുഖ്യപ്രതി അലുവ അതുല്‍ പിടിയില്‍. തമിഴ്‌നാട് തിരുവള്ളൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മാര്‍ച്ച് 27നാണ് താച്ചയില്‍ മുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെട്ടത്. കാറിലെത്തിയ അക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയും, സന്തോഷിനെവെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഇതേ കാറില്‍ രക്ഷപ്പെടുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞത്.
കൊലപാതകത്തിന് കാരണം മുന്‍ വൈരാഗ്യം ആണെന്നാണ് എഫ്‌ഐആര്‍ . ഇതാണ് ക്വട്ടേഷന്‍ കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്താന്‍ കാരണം. കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങള്‍ വര്‍ഷങ്ങളയുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് കൊണ്ടെത്തിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനം.
മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് അക്രമണം നടത്തിയതെന്ന് സന്തോഷിന്റെ അമ്മ ഓമന പറഞ്ഞു. അക്രമികള്‍ വീടിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞുവെന്നും, മുമ്പും വീട്ടില്‍ എത്തി മകനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു എന്നും അമ്മ ഓമന അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. മണ്‍വെട്ടി ഉപയോഗിച്ചാണ് സന്തോഷിന്റെ മുറിയുടെ വാതില്‍ തകര്‍ത്തത്. വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് എഫ്‌ഐആറിലുള്ളത്.
ഓച്ചിറ സ്വദേശി കുക്കു എന്ന മനുവിന്റെ വീട്ടില്‍ വെച്ചാണ് പ്രതികള്‍ കൊലപാതകത്തിന് തയ്യാറെടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തേണ്ട രീതി ഇവിടെ വെച്ച് പരിശീലിച്ചെന്നുമാണ് നിഗമനം.






