കോട്ടയം: യുഡിഎഫ് പിന്തുണയോടെ വിജയിച്ച സ്വതന്ത്ര അംഗത്തെ കൂറുമാറ്റി കരൂർ പഞ്ചായത്ത് ഭരണം പിടിച്ച ഇടതുമുന്നണിക്ക് തിരിച്ചടിയായി നിർണ്ണായക തെളിവുകൾ പുറത്തുവരുന്നു. യുഡിഎഫ് പാനലിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പ്രിൻസ് കുര്യത്ത്, തിരഞ്ഞെടുപ്പ് ദിവസം മാണി ഗ്രൂപ്പ് നേതാക്കളുടെ വാഗ്ദാനങ്ങളിൽ വീണ് ഇടതുമുന്നണിയിലേക്ക് ചേക്കേറിയത് ജനാധിപത്യ സംസ്കാരത്തിന് കളങ്കമാണെന്ന ആക്ഷേപം ശക്തമാണ്. തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ താൻ ‘യുഡിഎഫ് സ്വതന്ത്രൻ’ ആണെന്ന് വ്യക്തമാക്കി പ്രിൻസ് വിതരണം ചെയ്ത പ്രചരണ സാമഗ്രികൾ ഇപ്പോൾ ഇയാൾക്കെതിരെയുള്ള പ്രധാന തെളിവുകളായി മാറിയിരിക്കുകയാണ്.
ജനപ്രാതിനിധ്യ നിയമത്തിലെ കൂറുമാറ്റ നിരോധന നിയമം പ്രിൻസിന് ബാധകമാകുമെന്ന് ഉറപ്പിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രിൻസ് പങ്കെടുത്ത് ഒപ്പ് രേഖപ്പെടുത്തിയ മിനിറ്റ്സ് കോപ്പിയും, കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യു എന്നിവർ നൽകിയ വിപ്പ് കൈപ്പറ്റിയതിന്റെ വിശദാംശങ്ങളും പുറത്തായിട്ടുണ്ട്. ഈ വിപ്പുകൾ തമസ്കരിച്ചാണ് പ്രിൻസ് ഇടതുമുന്നണിക്ക് വോട്ട് ചെയ്തത്. യുഡിഎഫ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നതോടെ ആറുമാസത്തിനകം പ്രിൻസ് അയോഗ്യനാക്കപ്പെടുമെന്നും, ഇതോടെ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ട് യുഡിഎഫ് അധികാരത്തിൽ എത്തുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മൂന്നാം വട്ടം ജനപ്രതിനിധിയാകുന്ന പ്രിൻസ് കുര്യത്തിന് നിയമവശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും ഇത്തരം ഒരു നീക്കത്തിന് തയ്യാറായത് വലിയ അഴിമതിയുടെ ഭാഗമാണെന്ന ആരോപണവും ഉയരുന്നുണ്ട്. നാലുവർഷത്തെ പ്രസിഡന്റ് പദവി എന്ന വാഗ്ദാനത്തിന് അപ്പുറം മറ്റ് പല അവിശുദ്ധ ഇടപാടുകളും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കപ്പെടുന്നു. മാണി ഗ്രൂപ്പിന്റെ കുത്തകയായിരുന്ന കരൂരിൽ, കുടക്കച്ചിറയിലെ പാറമടയ്ക്ക് നേതാക്കൾ നൽകിയ പിന്തുണയും വലവൂർ സർവീസ് സഹകരണ ബാങ്കിന്റെ തകർച്ചയും മൂലം ജനങ്ങൾ അവർക്കെതിരായി വിധിയെഴുതിയ പശ്ചാത്തലത്തിലാണ്, പിൻവാതിലിലൂടെ ഭരണം പിടിക്കാനുള്ള മാണി ഗ്രൂപ്പിന്റെ നീക്കം വിവാദത്തിലായിരിക്കുന്നത്.




