ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രം തീർഥാടനത്തിനായി വെള്ളിയാഴ്ച തുറന്നു. ഏകദേശം 12,000-ത്തോളം ഭക്തർ ആദ്യദിവസം ക്ഷേത്രത്തിലെത്തി. 11,000 അടി ഉയരത്തിലുള്ള ക്ഷേത്രത്തിന്റെ പ്രവേശനകവാടം രാവിലെ ഏഴോടെ തീർഥാടകർക്കായി തുറന്നെന്ന് ബദരിനാഥ്-കേദാർനാഥ് ക്ഷേത്രക്കമ്മിറ്റി അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ആദ്യദിനം കേദാർനാഥിൽ ദർശനംനടത്തി.
‘ചാർ ധാം’ യാത്രയിലെ നാലുക്ഷേത്രങ്ങളിലൊന്നാണ് ശിവക്ഷേത്രമായ കേദാർനാഥ്. ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഏപ്രിൽ 30-ന് തുറന്നിരുന്നു. ബദരിനാഥ് ക്ഷേത്രം മേയ് നാലിന് തുറക്കും. മഞ്ഞുകാലത്ത് നാലുക്ഷേത്രങ്ങളും ആറുമാസത്തേക്ക് അടച്ചിടാറുണ്ട്. ഈ വർഷം ഇതുവരെ 22 ലക്ഷത്തോളം തീർഥാടകരാണ് യാത്രയ്ക്ക് രജിസ്റ്റർചെയ്തത്.
മൊത്തം 60 ലക്ഷംപേരെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞവർഷം 48 ലക്ഷം പേരാണെത്തിയത്. യാത്രാവഴിയിൽ 6000 പോലീസുകാരെയും 10 കമ്പനി അർധസൈനികരെയും പോലീസിലെ 17 കമ്പനി ജവാന്മാരെയും നിയോഗിച്ചിട്ടുണ്ട്. 65 അപകടസാധ്യതാപ്രദേശങ്ങളിൽ സംസ്ഥാന ദുരന്തനിവാരണസേനയെയും നിയോഗിച്ചു.






