പാലക്കാട്: കേരളം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഇന്ത്യയ്ക്ക് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി എം.ബി രാജേഷ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിങ് ഏറ്റവും ഫലപ്രദമായ രീതിയിൽ നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റിങ്, പബ്ലിക് ഹിയറിങ് എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.നിയമത്തിൽ പറയുന്നതിനും അപ്പുറത്ത് വിപുലമായാണ് കേരളം പദ്ധതി നടപ്പിലാക്കിയത്.
അതെസമയം ഗ്രാമീണ മേഖലയ്ക്ക് പുറമേ നഗരസഭാ പ്രദേശങ്ങളിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്ന പേരിൽ കേരളത്തിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി. കൂടാതെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി ഏർപ്പെടുത്തിയ സംസ്ഥാനവും കേരളമാണ്. ഇന്ത്യയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഒമ്പത് മാനദണ്ഡങ്ങളിൽ നാലെണ്ണത്തിൽ ഒന്നാം സ്ഥാനവും ബാക്കി അഞ്ചെണ്ണത്തിൽ രണ്ടാം സ്ഥാനവും കേരളത്തിനാണ് ലഭിച്ചിട്ടുള്ളത്. തരിശു നിലം കൃഷിയോഗ്യമാക്കൽ, ഫാം പോണ്ടിങ്, കിണർ റീചാർജിങ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സുസ്ഥിര വികസനം കൊണ്ടുവരാൻ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതുജനങ്ങൾ അറിയുക, പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിവശ്യമായ നിർദ്ദേശങ്ങൾ രൂപപ്പെടുത്തുക, കൂടാതെ അഭിപ്രായം പറയുക എന്നീ ലക്ഷ്യങ്ങളോടെയാണ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചത്.






