തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ‘ഇൻക്ലൂസീവ് ടൂറിസം പോളിസി’ പ്രഖ്യാപിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി കേരള ടൂറിസവും ദ ഹിന്ദു മീഡിയ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ അന്താരാഷ്ട്ര കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.
വിനോദസഞ്ചാരം എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഇൻക്ലൂസീവ് ടൂറിസം’ എന്ന ആശയം മുൻനിർത്തി കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർ, വയോധികർ, സ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വിനോദസഞ്ചാരം ആസ്വദിക്കാനാകുന്ന തരത്തിലുള്ള വികസനമാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
സാംസ്‌കാരിക വൈവിധ്യവും സാമൂഹിക ഉൾക്കൊള്ളലും പ്രോത്സാഹിപ്പിക്കുന്നതാണ് ഇൻക്ലൂസീവ് ടൂറിസത്തിന്റെ പ്രത്യേകത. ‘എല്ലാവർക്കും ടൂറിസം’ എന്ന കാഴ്ചപ്പാടോടെ രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ഈ നയം കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ഭാവിയിൽ സമഗ്രമായി മാറ്റുമെന്നും മന്ത്രി പറഞ്ഞു. പോളിസി രൂപീകരണ പ്രക്രിയയിൽ പൊതുജനങ്ങൾ അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.




