ഡൽഹി: കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ധനസഹായം നിഷേധിക്കുന്നതിനെതിരെ കേരളം നിയമപോരാട്ടത്തിലേക്ക്. പദ്ധതിയിൽ ചേരില്ലെന്നും കോടതിയെ സമീപിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. സംഭവത്തിൽ ഇന്ന് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തിയിരുന്നു.
എസ്എഫ്ഐയും കെഎസ്‌യുവും എംഎസ്എഫും അടക്കമുള്ള സംഘടനകൾ സംസ്ഥാന സർക്കാരിൻ്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ ചർച്ചയിൽ നിന്ന് ബിജെപിയുടെ വിദ്യാർത്ഥി സംഘടനയായ എബിവിപി നേതാക്കൾ ഇറങ്ങിപ്പോയി.
പിഎം ശ്രീയിൽ ചേരേണ്ട എന്നാണ് എബിവിപി ഒഴികെയുള്ള എല്ലാ സംഘടനയുടേയും നിലപാടെന്ന് യോഗ ശേഷം തീരുമാനം വിശദീകരിച്ച വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിൽ കേരളം പങ്കുചേരില്ല. കേരളത്തിന് അർഹമായ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണ്. സമരം പ്രഖ്യാപിച്ചിട്ട് സമരം ചെയ്തോളാൻ എബിവിപിക്കാരോട് പറഞ്ഞിട്ടുണ്ട്.




