കൊച്ചി: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് അനുവദിച്ച മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.
ആലപ്പുഴ സെഷൻസ് കോടതി നൽകിയ ജാമ്യ ഉത്തരവ് അന്വേഷണത്തെ ബാധിച്ചെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഉത്തരവിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉണ്ടെന്നും, ജാമ്യം റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
മർദ്ദനത്തിന് ഉപയോഗിച്ച വടി ഹാജരാക്കിയെന്ന് സെഷൻസ് കോടതി ഉത്തരവിൽ പറയുന്നുണ്ടെങ്കിലും, പ്രതികൾ തന്നെ അത് നിഷേധിച്ചിട്ടുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കൂടാതെ, രാവിലെ 10 മുതൽ വൈകിട്ട് 4 വരെ മാത്രം ചോദ്യം ചെയ്യാൻ അനുവദിച്ചിരിക്കുന്നതും അന്വേഷണത്തിന് തടസമാണെന്നും സർക്കാർ അറിയിച്ചു.
പ്രതികൾ വിവിധ ജില്ലകളിൽ നിന്നുള്ളവരായതിനാൽ ഈ സമയപരിധിക്കുള്ളിൽ അന്വേഷണം ഫലപ്രദമായി നടത്താൻ കഴിയില്ലെന്നും, ആക്രമണത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപ്പീൽ ഹൈക്കോടതി ഓഗസ്റ്റ് 10-ലേക്ക് മാറ്റി.
2023 ഡിസംബറിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും മർദ്ദിച്ചെന്നാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ അന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.




