സംസ്ഥാനത്ത് ‘യൂ-ടേൺ’ അടിക്കുന്നതിൽ ഡ്രൈവിങ് സ്കൂളുകാരെ പോലും നാണംകെടുത്തുന്ന പ്രകടനമാണ് നിലവിലെ ഭരണനേതൃത്വം കാഴ്ചവെക്കുന്നത്. “ഒരു കാറ്റടിച്ചാൽ അങ്ങോട്ട്, അടുത്ത കാറ്റടിച്ചാൽ ഇങ്ങോട്ട്” എന്ന ലളിതമായ ഫിലോസഫിയുമായി നീങ്ങുകയാണ് യൂ-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്. പ്രധാനമായും മുഖ്യമന്ത്രി വിഡി സതീശന്റെ മലക്കംമറിച്ചിലുകളായിരുന്നു ഇങ്ങനെയൊരു പേരിന് കാരണമായത്. പിഎംശ്രീ, മദ്യനയം, ധാതുനിക്ഷേപം, വാഹന മോഡിഫിക്കേഷൻ തുടങ്ങി ഒരു പ്രാവശ്യം പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളിലും മുഖ്യമന്ത്രി യുടേൺ അടിക്കുന്ന കാഴ്ച്ച നമ്മൾ കണ്ടതുമാണ്. എന്നാൽ ഇപ്പോൾ കുറച്ച് ദിവസമായി ആ റോൾ ഏറ്റെടുത്തിരിക്കുന്നത് മറ്റാരുമല്ല, ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനാണ്.
രണ്ട് ദിവസമായി മുരളീധരൻ തന്നെയാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. സംസ്ഥാനമെങ്ങും ഏറെ കോളിളക്കം സൃഷ്ടിച്ച പൊതിച്ചോറ് വിവാദത്തില്‍ മലക്കം മറിഞ്ഞിരിക്കുകയാണ് മന്ത്രി കെ മുരളീധരന്‍. ഭക്ഷണ വിതരണമല്ല ആശുപത്രികളില്‍ സ്ഥലം കയ്യേറുന്നതാണ് പ്രശ്‌നമെന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐയും സേവാഭാരതിയും ചേര്‍ന്ന് സ്ഥലം കയ്യേറി. ആലപ്പുഴ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഭക്ഷണ വിതരണത്തിന് യാതൊരു തടസ്സമില്ലെന്നുമുള്ള യൂടേൺ ഗത്യന്തരമില്ലാതെ സംഭവിച്ചതാണെന്ന് വ്യക്തം. ഭക്ഷണം നല്‍ക്കുന്നതില്‍ സര്‍ക്കാര്‍ തടസ്സം നിൽക്കുന്നില്ലെന്നും ആലപ്പുഴയില്‍ സ്ഥലം കയ്യേറിയതാണ് പ്രശ്നമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ഒരു സംഘടന തടസ്സം നിന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.
ഇതേ മുരളീധരൻ തന്നെയാണ് രണ്ടാഴ്ച്ച മുൻപ് തിരുവനന്തപുരത്ത് തുടങ്ങുന്ന രണ്ടാമത്തെ മെഡിക്കൽ കോളേജിന് തന്റെ പിതാവും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് അതികായനുമായിരുന്ന കെ കരുണാകരന്റെ പേരിട്ടത്. രാഷ്ട്രീയ നേതാക്കളുടെ പേരുകൾ സർക്കാർ സ്ഥാപനങ്ങൾക്കു നൽകുന്നതിൽ വലിയ പ്രശ്നം മന്ത്രി കാണുന്നില്ല. ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നവരുടെ പേരിടുന്നതും ബാനർ വലിച്ചുകെട്ടി സ്ഥലം കൈയേറുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടത്രേ. അത് പിന്നെ കരുണാകരൻ എന്ന നേതാവിന് കേരളം കൊടുക്കുന്ന ആദരമായി കാണാം. പക്ഷേ കോട്ടയം ജില്ലാ ആശുപത്രിയിലെ സൗജന്യ ഭക്ഷണ വിതരണത്തിന്റെ കാര്യമോ? ഇവിടെ വിതരണം നടത്തുന്നത് കെ കരുണാകരന്റെ ചിത്രത്തിന് താഴെയാണ്. പുതുപ്പള്ളി കേന്ദ്രമായുള്ള കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ഈ പരിപാടി. കരുണാകരന്റെ ഓർമ്മ നിലനിറുത്താൻ ഈ പദ്ധതി നടപ്പാക്കുന്നതെന്നാണ് സംഘാടകരുടെ നിലപാട്.
മന്ത്രി കെ. മുരളിധരൻ്റെ ഈ പ്രസ്താവന നടപ്പാക്കുകയാണെങ്കിൽ ആദ്യം എടുത്തു മാറ്റേണ്ടത് സ്വന്തം പിതാവിൻ്റെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് തന്നെയല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ കുറ്റം പറയാനാകില്ല. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്നായിരുന്നു മുരളിയുടെ ഉപദേശം. പക്ഷേ കെ കരുണാകരൻ ട്രസ്റ്റ് അദ്ദേഹത്തിൻറെ ഓർമ്മ നിലനിർത്താൻ തന്നെയാണ് ഈ പ്രവർത്തനം സംഘടിപ്പിക്കുന്നത്. ഇതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട്, അവിടെ നിന്ന് ഇതുവരെ പരാതി വന്നിട്ടില്ല എന്നായിരുന്നു മുരളീധരന്റെ മറുപടി. അപ്പോൾ തിരിച്ച് ചോദിക്കാനുള്ളത്, മെഡിക്കൽ കോളേജുകളിലെ പൊതിച്ചോറ് വിതരണത്തിന്റെ പേരിൽ ഏതെങ്കിലും പാർട്ടിക്കെതിരെ ആരെങ്കിലും നൽകിയ പരാതി കയ്യിലുണ്ടോ എന്നാണ്.
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ പേരിടുന്ന കാര്യത്തിലും മുരളീധരന്‍ പ്രതികരിച്ചിട്ടുണ്ട്. ഇഎംഎസിന്റെ പേര് എത്ര സ്ഥാപനങ്ങള്‍ക്ക് ഇട്ടിട്ടുണ്ടെന്ന് ചോദിച്ചാണ് അദേഹം പ്രതികരിച്ചത്. ദേശീയ നേതാക്കളുടെയും സംസ്ഥാന നേതാക്കളുടെയും പേര് സ്ഥാപനങ്ങള്‍ക്ക് ഇടാറുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ന്യായം. ഇക്കാര്യത്തിൽ ഇടതുപക്ഷം ഒന്നാകെ മുരളീധരനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഒപ്പം ബിജെപിയുടെ നിലപാട് വ്യക്തമാക്കി കെ സുരേന്ദനും രംഗത്തെത്തി.
ഇനി അറിയേണ്ടത് മുരളീധരൻ പറഞ്ഞതാണോ കോൺഗ്രസിന്റെ, അല്ലെങ്കിൽ യുഡിഎഫിന്റെ നിലപാട്? ജി സുധാകരൻ കൊളുത്തി വിട്ട തീപ്പൊരിയിൽ കൃത്യമായി മുരളീധരൻ കയറിപ്പിടിക്കുകയായിരുന്നു എന്നും വേണമെങ്കിൽ പറയാം. കാരണം, മറ്റൊരു കോൺഗ്രസ് നേതാവോ മുന്നണിയിലെ ഏതെങ്കിലും ഘടകകക്ഷിയിലെ നേതാവോ മുരളിയെ അനുകൂലിച്ച് ഒന്ന് നാവനക്കിയതായിട്ട് പോലും നമുക്കറിയില്ല, എന്ന് മാത്രമല്ല, അങ്ങിങ്ങായി എതിർപ്പിന്റെ സ്വരങ്ങളും ഉയർത്തുന്നുണ്ട്. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണത്തെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് മുൻ യൂത്ത് ലീഗ് നേതാവും ഹൈദരലി തങ്ങളുടെ മകനുമായ മുഈൻ അലി ശിഹാബ് തങ്ങളാണ് അക്കൂട്ടത്തിലെ പ്രധാനി. സൈനുദ്ധീൻ ഒളവട്ടൂർ ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ പിന്തുണച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് മുഈൻ അലി ശിഹാബ് തങ്ങൾ പങ്കുവെച്ചിരിക്കുന്നത്. SKSSFൻ്റെയും യൂത്ത് ലീഗിൻ്റെയും നേതാവാണ് സൈനുദ്ധീൻ ഒളവട്ടൂർ.
വിശപ്പിനെക്കുറിച്ച് കവിത എഴുതുന്നതും പ്രസംഗിക്കുന്നതും എളുപ്പമാണ്. എന്നാൽ വിശക്കുന്നവന്റെ കൈയിൽ ഒരു നേരത്തെ ഭക്ഷണം എത്തിച്ചുകൊടുക്കുന്നതാണ് യഥാർത്ഥ മനുഷ്യസ്നേഹവും സേവനവും. അതുകൊണ്ട്, ഇത്തരത്തിലുള്ള സന്നദ്ധ സേവനങ്ങളെ വിമർശിക്കുകയല്ല, കൂടുതൽ കരുത്തോടെ പ്രോത്സാഹിപ്പിക്കുകയാണ് സമൂഹം ചെയ്യേണ്ടതെന്നും സൈനുദ്ദീൻ ഒലവത്തൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
2004-ൽ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ എം.എൽ.എ ആകുന്നതിന് മുൻപ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്, തെരഞ്ഞെടുപ്പിൽ തോറ്റ് രാജിവെച്ചു പോയ ആ പഴയ ‘ക്ലാസിക് ഹിറ്റ്’ വടക്കാഞ്ചേരി ചരിത്രം ആളുകൾക്ക് ഓർമ്മയുണ്ട്. ഇനിയിപ്പോ ഒരു ഉപതെരഞ്ഞെടുപ്പ് വന്നാൽ വി.ഡി. സതീശനെക്കാൾ വേഗത്തിൽ പെട്ടിമടക്കാൻ മുരളിജിക്ക് കഴിയില്ലേ എന്ന് ജനം സംശയിച്ചാൽ കുറ്റം പറയാൻ പറ്റുമോ? ഒരുപക്ഷേ മുരളീധരൻ ആരോഗ്യവകുപ്പ് ഏറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷകളെല്ലാം വെറുതെയാകുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.
ഈ സർക്കാർ അധികാരമേറ്റതിന് ശേഷം പാളിച്ചകളുടെ പെരുമഴയാണ് ആരോഗ്യവകുപ്പിൽ. ഡെങ്കിപ്പനിയും ഷിഗല്ലയും പടരുമ്പോൾ പ്രീ-മൺസൂൺ ശുചീകരണം മറന്നു, മരുന്നില്ല, ആശുപത്രിയിൽ രോഗികൾക്ക് കിടക്കാൻ കട്ടിലില്ല, അങ്ങോളമിങ്ങോളം ചികിത്സാപ്പിഴവുകളും. പോരാത്തതിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാമ്പത്തിക ക്രമക്കേടിന്റെ ഓഡിറ്റ് റിപ്പോർട്ട് വേറെ! ഇതൊന്നും പരിഹരിക്കാൻ സമയം കിട്ടാത്തപ്പോഴാണ് പൊതിച്ചോറിൽ രാഷ്ട്രീയം തപ്പാൻ മന്ത്രി സമയം കണ്ടെത്തുന്നത്.
വിശക്കുന്ന വയറിലേക്ക് എത്തുന്ന പൊതിച്ചോറിൽ ഏത് കൊടിയുടെ നിറമുണ്ടെന്ന് നോക്കുന്നതിലും നല്ലത്, കമ്മ്യൂണിറ്റി കിച്ചൺ പോലെ ബദൽ സംവിധാനങ്ങൾ കൃത്യമായി നടപ്പിലാകുന്നതുവരെ, പാവങ്ങൾക്ക് ആശ്വാസമാകുന്ന സന്നദ്ധ സംഘടനകളെ വെറുതെ വിടുന്നതാണ് മുരളിജി! ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന ഉപദേശം നല്ലതാണ്, പക്ഷേ രണ്ടു കൈ കൊണ്ടും സ്വന്തം കണ്ണുപൊത്തി ലോകം ഇരുട്ടിലാണെന്ന് കരുതരുത്!



