കേരള നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ശക്തമായ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുകയാണ്. പ്രത്യേകിച്ച് എറണാകുളം ജില്ലയിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ശ്രദ്ധ നേടുകയും ചർച്ചകൾക്ക് വഴിവെക്കുകയുമാണ്. സിപിഎം ഉൾപ്പെടെയുള്ള മുന്നണികൾ വിജയ സാധ്യത മുൻനിർത്തി നിർണ്ണായകമായ തീരുമാനങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യമാണിപ്പോൾ ഉള്ളത്. ഇതിന്റെ ഭാഗമായി ചില അപ്രതീക്ഷിത നീക്കങ്ങളും പുറത്തുവരുന്നുണ്ട്.
തൃപ്പൂണിത്തുറ മണ്ഡലത്തിലെ മുൻ എം.എൽ.എയായ എം. സ്വരാജ് നെ വീണ്ടും മത്സരിപ്പിക്കണമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിയ തോൽവി ഉണ്ടായിരുന്നുവെങ്കിലും സ്വരാജിന് ഇപ്പോഴും മണ്ഡലത്തിൽ നല്ല സ്വാധീനമുണ്ടെന്നും അത് വിജയത്തിലേക്ക് മാറുമെന്നുമായിരുന്നു ജില്ലാ ഘടകത്തിന്റെ വിശ്വാസം. എന്നാൽ സംസ്ഥാന നേതൃത്വം ഈ നിർദ്ദേശം അംഗീകരിച്ചില്ല. പകരം നിലവിലെ വൈപ്പിൻ എം.എൽ.എയായ K. N. ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതായിയുള്ള സൂചനകൾ പുറത്തുവരുകയാണ്. കൊച്ചി നഗരസഭയുടെ മുൻ മേയറായ എം. അനിൽ കുമാറിന്റെ പേരും ചർച്ചകളിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെയും പരിഗണിച്ചില്ല.
ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിലേക്ക് മാറിയാൽ വൈപ്പിൻ മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ അവതരിപ്പിക്കേണ്ട സാഹചര്യം വരും. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായ M. B. ഷൈനിയെ വൈപ്പിനിൽ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി ഏകദേശം തീരുമാനിച്ചു കഴിഞ്ഞു എന്ന സൂചനകളും കിട്ടുന്നുണ്ട്. പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും കൂടുതൽ അവസരം നൽകുക എന്നതാണ് പാർട്ടിയുടെ നയം. അതിന്റെ ഭാഗമായാണ് ഷൈനിയെ പോലുള്ള പുതിയ മുഖങ്ങളെ മുന്നോട്ട് കൊണ്ടുവരുന്നത് എന്നും വ്യക്തമാണ്.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഈ സ്ഥാനാർഥി പട്ടികയ്ക്ക് ഉടൻ അന്തിമ രൂപം ലഭിക്കും. എറണാകുളം ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും പാർട്ടി ശക്തമായ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവായ V. D. സതീശന്റെ മണ്ഡലമായ വടക്കൻ പറവൂരിൽ ശക്തമായ മത്സരമാണ് നേതൃത്വം ലക്ഷ്യം വെക്കുന്നത്. അവിടെ കരുത്തനായ സ്ഥാനാർത്ഥിയെ ഇറക്കി യുഡിഎഫിന്റെ മേൽക്കൈ തകർക്കണമെന്നാണ് പാർട്ടിയുടെ ആലോചന. ഇതിനായി പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
എറണാകുളം, ആലുവ, തൃക്കാക്കര പോലുള്ള യു.ഡി.എഫിന് ശക്തമായ സാന്നിധ്യമുള്ള മണ്ഡലങ്ങളിലും പുതിയ തന്ത്രങ്ങൾ മെനയാൻ ആലോചിക്കുന്നു. ചില സ്ഥലങ്ങളിൽ പൊതുസമ്മതിയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. വ്യക്തിപ്രഭാവമുള്ള സ്ഥാനാർത്ഥികൾക്ക് രാഷ്ട്രീയ അതിരുകൾ കടന്ന് വോട്ടുകൾ നേടാൻ കഴിയുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
ജില്ലയിലെ സിറ്റിംഗ് എം.എൽ.എമാർക്ക് വീണ്ടും അവസരം നൽകണമെന്ന നിലപാടും നിലനിൽക്കുന്നു.
എന്നാൽ വിജയ സാധ്യത കൂടുതലുള്ള രീതിയിൽ പ്രായോഗിക രാഷ്ട്രീയമാണ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നത്. വ്യക്തികളെക്കാൾ പാർട്ടിയുടെ സംഘടനാ ശക്തിയിലാണ് അവർ കൂടുതൽ വിശ്വാസം വെക്കുന്നത്. തൃപ്പൂണിത്തുറയിൽ സ്വരാജിനെ ഒഴിവാക്കിയ തീരുമാനം പ്രതിപക്ഷമടക്കം എങ്ങനെ ഉപയോഗിക്കുമെന്ന് കണ്ടു തന്നെ അറിയണം. അതേസമയം, ഉണ്ണികൃഷ്ണന്റെ പ്രവർത്തന ശൈലിയും ജനകീയ സ്വഭാവവും മണ്ഡലത്തിൽ ഗുണം ചെയ്യും എന്നാണ് പാർട്ടിയുടെ വിശ്വാസം. വൈപ്പിനിൽ ഷൈനിയിലൂടെ പുതിയൊരു ഊർജ്ജം ഉണ്ടാകുമെന്ന പ്രതീക്ഷയും പാർട്ടിക്കുണ്ട്.
ആകെക്കൂടി നോക്കുമ്പോൾ എറണാകുളം ജില്ല ഇത്തവണ വലിയ രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷിയാകും. സ്ഥാനാർത്ഥി മാറ്റങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധേയമായ സ്വാധീനം ചെലുത്താനിടയുണ്ട്. അവസാന തീരുമാനം വന്നാൽ ജില്ലയിലെ മുഴുവൻ രാഷ്ട്രീയ ചിത്രം കൂടുതൽ വ്യക്തമായിത്തീരും. വിജയ ലക്ഷ്യത്തോടെ സൂക്ഷ്മമായ തന്ത്രങ്ങളുമായി മുന്നേറുന്ന സി.പി.എം എറണാകുളത്ത് പരമാവധി സീറ്റുകൾ നേടാൻ ശ്രമിക്കുകയാണ്. വരും ദിവസങ്ങളിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിയുമെന്നു തന്നെ കരുതാം. വീണ്ടും ഭരണം കൈവിട്ട് പോയാൽ അത് കോൺഗ്രസിനെ സംബന്ധിച്ചടത്തോളം കനത്ത തിരിച്ചടിയാകും. ഇനി എന്തൊക്കെ വെളിപ്പെടുത്തലുകളും സർപ്രൈസ് സ്ഥാനാർഥിത്വവുമാകും മുന്നണികൾ മുന്നോട്ട് വെക്കുക എന്നതാണ് കേരളം ഉറ്റു നോക്കുന്നത്.






