കൊച്ചി: തുർക്കി കമ്പനിയുടെ സേവനം അവസാനിപ്പിച്ച് കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം. ഗ്രൗണ്ട് ഹാൻഡിലിങ് അടക്കമുള്ള ജോലികളിൽ നിന്ന് സെലിബിയെ ഒഴിവാക്കിയതായി സിയാൽ അറിയിച്ചു. നീക്കം യാത്രക്കാരെയും കാർഗോ നീക്കത്തേയും ബാധിക്കില്ലെന്നും സിയാൽ അധികൃതർ വ്യക്തമാക്കി. സെലിബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിൽ നിയമിക്കാൻ നിർദേശിച്ചു.
സെലിബിക്ക് കീഴിൽ ജോലി ചെയ്തിരുന്നത് 300 ജീവനക്കാരാണ്. ഇവരെ ബിഎഫ്എസ്, AIASL, അജൈൽ എന്നീ കമ്പനികളിലേക്ക് പുനഃക്രമീകരിച്ചു. തുർക്കി ആസ്ഥാനമായുള്ള സെലിബി എയർപോർട്ട് സർവീസസസിനെതിരെയാണ് നടപടി.നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലികൾക്ക് തടസ്സം ഉണ്ടായിട്ടില്ലെന്നും സിയാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ കൊച്ചി, കണ്ണൂർ അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് സെലിബിയാണ് കൈകാര്യം ചെയ്യുന്നത്. ഡൽഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് നടത്തുന്നത് ഈ കമ്പനിയാണ്.




