കൊച്ചി: വയോധികരായ സ്ത്രീകളെ ലക്ഷ്യമാക്കി മാല പൊട്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. കല്ലൂർക്കാട് നാഗപ്പുഴ കുരിശുമല ജംഗ്ഷൻ സമീപം വാടകയ്ക്ക് താമസിക്കുന്ന തൃക്കാക്കര കുന്നത്ത് സ്വദേശി കൃഷ്ണ കൃപ വീട്ടിൽ വിഷ്ണു അരവിന്ദ് (38)നെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ച് 6-ന് കടുങ്ങല്ലൂർ മുപ്പത്തടം കരോത്ത് കുന്നിന് സമീപമുള്ള പലചരക്ക് കടയിൽ ബബിൾഗം വാങ്ങാനെന്ന വ്യാജേന ബൈക്കിൽ എത്തിയ പ്രതി 74 വയസ്സുള്ള വയോധികയെ ആക്രമിച്ച് സ്വർണ മാല പൊട്ടിച്ച് കടന്നുകളഞ്ഞതായാണ് കേസ്.
സംഭവത്തിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച പൊലീസ് പ്രതിയെ പിന്തുടർന്ന് അന്വേഷണം നടത്തി. തുടർന്ന് നാഗപ്പുഴ വനമേഖലയിലേക്ക് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ഏകദേശം എട്ട് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പിടികൂടിയത്.
പതിനഞ്ചോളം കേസുകളിൽ പ്രതിയായ ഇയാൾ മറ്റ് മോഷണക്കേസുകളും സമ്മതിച്ചതായി പൊലീസ് അറിയിച്ചു. എളമക്കരയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്ക് ആലുവ മാർക്കറ്റ് ഭാഗത്ത് നിന്ന് മോഷ്ടിച്ചതാണെന്നും പൊലീസ് പറഞ്ഞു.




