കൊച്ചി: ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകാനൊരുങ്ങി കൊച്ചി. എറണാകുളം മഹാരാജാസ് കോളേജ് സിന്തറ്റിക്ക് ട്രാക്കിൽ ഏപ്രിൽ 21 മുതൽ 24 വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഒളിമ്പ്യൻമാരും റെക്കോഡ് ജേതാക്കളുമുൾപ്പെടെ എണ്ണൂറോളം അത്ലീറ്റുകൾ പങ്കെടുക്കും.
സംസ്ഥാന സ്കൂൾ മീറ്റിനായി നവീകരിച്ച ട്രാക്കിലും ഫീൽഡിലുമാണ് ദേശീയ മത്സരങ്ങൾ നടക്കുന്നത്. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) അന്തിമ പരിശോധന കഴിഞ്ഞു. ഗ്രൗണ്ടിലെ ജംപിങ് പിറ്റ്, ത്രോ സർക്കിൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിച്ചതായി കേരള അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ ചന്ദ്രശേഖരൻ പിള്ള പറഞ്ഞു.






