കൊച്ചി: നെടുമ്പാശ്ശേരി അന്തരാഷ്ട്ര വിമാനത്താവളം സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്. സിയാല്‍ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ വിമാനത്താവളം ഡിജിറ്റല്‍ വത്കരണത്തിലേക്ക് കുതിക്കാനൊരുങ്ങുന്നത്. ഇതിനായി 200 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിയാല്‍ 2.0 മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.
നിര്‍മ്മിതബുദ്ധി, ഓട്ടോമേഷന്‍, കുറ്റമറ്റ രീതിയിലുള്ള സൈബര്‍ സുരക്ഷ എന്നിവയിലൂടെയാണ് വിമാനത്താവളം സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലേക്ക് മാറുക. ഇതോടെ യാത്രക്കാര്‍ക്ക് അതിവേഗം സുരക്ഷാപ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയും.സൈബര്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സെര്‍വറുകളും സൈബര്‍ സുരക്ഷാ സാങ്കേതികവിദ്യയും തദ്ദേശീയമായി തന്നെ കൈകാര്യം ചെയ്യാനാകും.
”വ്യോമയാന മേഖലയില്‍ സൈബര്‍ ഭീഷണികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഹാക്കിംഗ് ആക്രമണങ്ങള്‍, മാല്‍വെയര്‍ നുഴഞ്ഞുകയറ്റങ്ങള്‍, റാന്‍സംവെയര്‍ ആക്രമണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ബാഹ്യ ഭീഷണികള്‍ കണ്ടെത്തുന്നതിനും, നിര്‍വീര്യമാക്കുന്നതിനും, മുന്‍കൂട്ടി തടയുന്നതിനും സിഡിഒസി നൂതന സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കും.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഫുള്‍-ബോഡി സ്‌കാനറുകള്‍ കോണ്‍ടാക്റ്റ്ലെസ്, നോണ്‍-ഇന്‍ട്രൂസീവ് സുരക്ഷാ പരിശോധനകള്‍ പ്രാപ്തമാക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും. ട്രേ മൂവ്‌മെന്റ് പ്രക്രിയ ഓട്ടോമേറ്റ് ചെയ്തും മാനുവല്‍ ഹാന്‍ഡ്ലിംഗ് കുറയ്ക്കുന്നതിലൂടെയും ക്യാബിന്‍ ബാഗേജ് സ്‌ക്രീനിംഗ് വേഗത്തിലാക്കുന്ന ഓട്ടോമേറ്റഡ് ട്രേ റിട്രീവല്‍ സിസ്റ്റം (ATRS) സുരക്ഷാ ചെക്ക്പോസ്റ്റുകളില്‍ സജ്ജീകരിക്കും.4,000-ലധികം ക്യാമറകളുള്ള ഒരു ആള്‍-ഡ്രൈവണ്‍ സര്‍വൈലന്‍സ് സിസ്റ്റം ഇപ്പോള്‍ ഉയര്‍ന്ന സുരക്ഷാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. തത്സമയ നിരീക്ഷണം, വിശകലനം, അതിവേഗ ഇടപെടല്‍ എന്നിവ ഇതിലൂടെ സാധ്യമാകും.






