കൊച്ചി: കൊച്ചി കടലിൽ മുങ്ങിയ കപ്പലിൽ അപകടകരമായ 13 കണ്ടെയ്നറുകൾ. ഇതിൽ 12 എണ്ണത്തിലും സൂക്ഷിച്ചിരിക്കുന്നത് കാൽസ്യം കാർബൈഡ് ആണ്. വെള്ളവുമായി കലർന്നാൽ സ്ഫോടനമുണ്ടാകാൻ സാധ്യതയുണ്ടെന്നും, കണ്ടെയ്നറുകൾ മാറ്റിയില്ലെങ്കിൽ സഞ്ചരിക്കുന്ന ടൈം ബോംബാകുമെന്നും എസ്ബി കോളേജ് പ്രൊഫസർ ഡോ. രഞ്ജിത് തോമസ് പറഞ്ഞു.
അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും 640 കണ്ടെയ്നറുകളിൽ നൂറെണ്ണം വേർപെട്ട് കടലിൽ വീണിരുന്നു. കണ്ടെയ്നറുകളിൽ രണ്ടെണ്ണം കൊച്ചിയിലേക്കും പത്തെണ്ണം തൂത്തുക്കുടിയിലേക്കുള്ളതും ആയിരുന്നു. മുങ്ങിയ കപ്പലിന് ഉള്ളിലാണ് ഈ കാൽസ്യം കാർബേഡ് അടങ്ങിയ 12 കണ്ടെയ്നകളും ഉള്ളത്. കാൽസ്യം കാർബൈഡ് വെള്ളവുമായി കൂടിക്കലരുമ്പോൾ ആസ്തലീൻ വാതകം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതാണെന്ന് വിദഗ്ധർ പറയുന്നു. വെൽഡിങ് മെഷീനിൽ ഉപയോഗിക്കുന്നത് അസറ്റലിൻ വാതകമാണ്.
കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞാൽ തൊടരുത്, അടുത്ത് പോകരുത്. കപ്പൽ മുങ്ങിയ മേഖലയിൽ കടലിൽ പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിരുന്നു. അതേസമയം കപ്പൽ പൂർണ്ണമായും കടലിൽ മുങ്ങി താഴ്ന്നു. അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും ഇന്ധന ചോർച്ചയുണ്ടാകുന്നുണ്ട്. എണ്ണപ്പാട എവിടെയും എത്താമെന്നാണ് മുന്നറിയിപ്പ്.






