കർണാടക: കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡ നടത്തിയ പരാമർശത്തിന് പിന്നാലെ സിനിമാതാരം രശ്മിക മന്ദാനയ്ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കോഡവ സമുദായം. ഇതേ സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംസ്ഥാന ആരോഗ്യ മന്ത്രി ജി പരമേശ്വരയ്ക്കും കത്ത് നല്കി. ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ രശ്മിക വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു “രശ്മികയെ ഒരു പാഠം പഠിപ്പിക്കണം” എന്ന എംഎൽ എയുടെ പ്രസ്താവന .
തങ്ങളുടെ പ്രത്യേക പ്രതിനിധി വഴി നടിയെ 10-12 തവണ ക്ഷണിച്ചിട്ടും വന്നില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. മാത്രമല്ല കഴിഞ്ഞ തവണയും രശ്മികയെ ക്ഷണിച്ചപ്പോൾ അവർ ക്ഷണം നിരസിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം ആരംഭിച്ച ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും കന്നഡ അഭിനേതാക്കള്‍ വിട്ടുനിന്നതിനെ ഉദ്ഘാടന വേദിയില്‍ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും വിമർശിച്ചിരുന്നു.






