കൊല്ലം: കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽ നിന്ന് കഞ്ചാവ് കേസിലെ പ്രതി രക്ഷപ്പെട്ടു. ലോക്കപ്പിന്റെ വാതിൽ പൂട്ടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായാണ് വിവരം. അഷ്ടമുടി കൽപ്പടിക്കൽ സ്വദേശി അബ്ദുൽ സലാം (37) ആണ് രക്ഷപ്പെട്ടത്.
മോഷണം, കഞ്ചാവ് കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അബ്ദുൽ സലാം. ഞായറാഴ്ച റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കഞ്ചാവുമായി ഇയാളെ റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50ഓടെയാണ് പ്രതി ലോക്കപ്പിന്റെ വാതിലിലെ കുറ്റി തുറന്ന് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്.
സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്ന് കൊല്ലം ജില്ലയിൽ പ്രതി രക്ഷപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



