തൃശൂര്‍: വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ചെന്ന പരാതിയിൽ നടപടിയെടുത്ത മങ്ങാട് സെന്റ് ജോസഫ്‌സ് ആൻഡ് സെന്റ് സിറിൽസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രധാനാധ്യാപകൻ സാജു വർഗീസിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം. എസ്.എഫ്.ഐ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
അധ്യാപകർ നൽകിയ പരാതി അവഗണിച്ച് പ്രധാനാധ്യാപകനെ വീണ്ടും സ്‌കൂളിൽ പ്രവേശിപ്പിക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മങ്ങാട് സെന്ററിൽനിന്ന് ആരംഭിച്ച പ്രകടനം സ്‌കൂളിന് മുന്നിൽ പൊലീസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധ ധർണ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി പ്രണവ് പ്രേമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഭാഗ്യ കെ. ബാബു അധ്യക്ഷയായി. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അക്ഷയ് അനിൽ, ഏരിയ വൈസ് പ്രസിഡന്റ് എം. അഖിനേഷ് എന്നിവർ സംസാരിച്ചു.
തുടർന്ന് വിദ്യാർഥി നേതാക്കൾ സ്‌കൂൾ മാനേജ്‌മെന്റുമായി ചർച്ച നടത്തി. അധ്യാപകന് അനുകൂലമായി യാതൊരു നടപടിയും സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.


