മലപ്പുറം: കൊണ്ടോട്ടി നഗരസഭാ കൗൺസിലർ പി പി റഹ്മത്തുല്ല കോൺഗ്രസിൽ നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് പറയുന്നതെങ്കിലും കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റിയുടെ തെറ്റായ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി. കാലങ്ങളായി കോൺഗ്രസ് കൈവശം വെച്ചിരുന്ന കുമ്മിണിപ്പാറ വാർഡ് വെൽഫയറിന് നൽകിയതിലും പുറമേ 2030 മുന്നണിയിലെ പ്രമുഖ കക്ഷിക്ക് നൽകണമെന്നുള്ള കരാറിലും പ്രതിഷേധിച്ചാണ് രാജി.
വർഷങ്ങളായി കൊണ്ടോട്ടിയിൽ കോൺഗ്രസ് പ്രവർത്തനം നിർജീവമാണെന്നും കെ പിസിസിയും ഡിസിസിയും നിർദേശിക്കുന്ന പരിപാടികളൊന്നും കൊണ്ടോട്ടിയിൽ നടക്കാറില്ലെന്നും റഹ്മത്തുല്ല കുറ്റപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു ഡി എഫിലെ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ റിബലായി മത്സരിച്ചാണ് റഹ്മത്തുല്ല കുമ്മിണിപ്പാറ വാർഡിൽ നിന്ന് വിജയിച്ചത്.
പാർട്ടിയിൽ നിന്ന് പുറത്താക്കിയ അദ്ദേഹത്തെ പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചെടുത്തിരുന്നു. നേരത്തെ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്, യുഡിഎഫ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ റഹ് മത്തുല്ല വഹിച്ചിരുന്നു.



