കോട്ടയം: രാജ്യത്ത് പകൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ജില്ലയിലൊന്നായിരുന്ന കോട്ടയം ഇന്നലെ നനഞ്ഞ് കുളിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കൂർ നേരം പെയ്ത മഴയിൽ അക്ഷരാർഥത്തിൽ കോട്ടയം ചൂടിൽനിന്ന് രക്ഷപ്പെട്ടു. മഴയിൽ പല റോഡുകളിലും വെള്ളം നിറഞ്ഞു. കോട്ടയം നഗരത്തിൽ ഉൾപ്പെടെ പല ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു.
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് കോട്ടയത്തായിരുന്നു. തിങ്കളാഴ്ച 36.6 ഡിഗ്രി ചൂടാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനം രേഖപ്പെടുത്തിയത് കണ്ണൂർ എയർപോർട്ടിലാണ് 36.2 ഡിഗ്രി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണ് കോട്ടയത്തേത്. കഴിഞ്ഞ വെള്ളിയാഴ്ച 36.6 ഡിഗ്രിയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത് തിങ്കളാഴ്ചയായിരുന്നു മുപ്പത്തിമൂന്ന് ഡിഗ്രി.
ഇനി വരും ദിവസങ്ങളിൽ ചൂട് കൂടാനാണ് സാധ്യതയെന്ന് ഐ എം ഡി അറിയിച്ചു. പല ദിവസങ്ങളിലും മുപ്പത്തിയാറു ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. രാത്രിയിലും രാവിലെയും തണുപ്പ് കൂടുന്നതിന് അനുസരിച്ച് പകൽ അസാധാരണമായി ചൂട് കൂടുന്നതായുള്ള പ്രതിഭാസമാണ് കോട്ടയത്ത് കാണുന്നത്.






