കോട്ടയം: ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു. നഗരസഭ പരിധികളിലും മെഡിക്കല്‍ കോളേജ് പോലുള്ള പൊതുസ്ഥലങ്ങളിലും നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ജനജീവിതത്തിന് ഭീഷണിയാകുകയാണ്.
പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യണമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് കോട്ടയത്ത് അതിവേഗം നടപ്പാക്കണമെന്ന ആവശ്യം ശക്തമാവുന്നു.
ജില്ലയില്‍ ഏകദേശം 16,000 തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. കോട്ടയം നഗരസഭ പരിധിയില്‍ മാത്രം 727 തെരുവുനായ്ക്കളാണ് ഉള്ളത്. മെഡിക്കല്‍ കോളേജ് വളപ്പില്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ 250 നായ്ക്കളെ കണ്ടെത്തി. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളെ പരിസരത്ത് ഉപേക്ഷിക്കുന്നതാണ് ഇവിടത്തെ എണ്ണം കൂടാന്‍ പ്രധാന കാരണം. ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുന്നു.
.സമീപകാലത്ത് നിരവധി പേര്‍ക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന ഒരു മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയെ തെരുവുനായ്ക്കള്‍ആക്രമിച്ചിരുന്നു.
തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ ഡോഗ് കാച്ചേഴ്സിന്റെ സഹായത്തോടെ നഗരസഭാ പരിധിയില്‍ വന്ധ്യംകരണവും വാക്‌സിനേഷനും നടത്തുന്നുണ്ടെങ്കിലും, ഇവയെ അതേ പ്രദേശത്തേക്ക് തന്നെ തുറന്നുവിടുന്നത് ശല്യം കുറയാതിരിക്കാന്‍ കാരണമാകുന്നു. അടുത്തിടെ 3,785 തെരുവുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിരുന്നു. ജില്ലയിലെ 23 പഞ്ചായത്തുകള്‍ വാക്‌സിനേഷനായി ഫണ്ട് ഇല്ലെന്ന കാരണത്താല്‍ വിട്ടുനില്‍ക്കുകയാണ്. ഈ പഞ്ചായത്തുകളില്‍ (കാവ) എന്ന എന്‍.ജി.ഒ. ആണ് വാക്‌സിനേഷന്‍ നല്‍കിയത്.
ആക്രമണ സ്വഭാവമുള്ള നായ്ക്കളെ പാര്‍പ്പിക്കാന്‍ പ്രത്യേക കൂടുകള്‍ നിര്‍മ്മിക്കാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തെങ്കിലും തുടര്‍ നടപടികള്‍ കാര്യമായി മുന്നോട്ട് പോയിട്ടില്ല.
എം.ജി. സര്‍വകലാശാല മോഡല്‍തെരുവുനായ്ക്കളെ കൈകാര്യം ചെയ്യുന്നതില്‍ എം.ജി. സര്‍വകലാശാല സ്വീകരിച്ച മാതൃക കോട്ടയം ജില്ലയ്ക്ക് സ്വീകരിക്കാവുന്നതാണ്. സര്‍വകലാശാല വളപ്പില്‍ 50 സെന്റ് സ്ഥലത്ത് 12 അടി ഉയരമുള്ള ഫെന്‍സിങ്ങോടുകൂടി ഒരു ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിച്ചു.പ്രശ്നക്കാരായ 150 നായ്ക്കളെ മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഈ കൂട്ടിലിട്ടതോടെ സര്‍വകലാശാല വളപ്പിലെ ശല്യം ഗണ്യമായി കുറഞ്ഞു.




