നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം നാൾക്കുനാൾ കുറഞ്ഞുവരികയാണ്. തെരഞ്ഞെടുപ്പിലേക്കുള്ള കാലയളവ് കുറഞ്ഞുവരുന്നതനുസരിച്ച് പാർട്ടികളും മുന്നണികളും പരമാവധി കളം നിറയുകയാണ്. രാഷ്ട്രീയ വിവാദങ്ങൾ സജീവമാക്കി നിർത്തുന്നതിന് പ്രതിപക്ഷ പാർട്ടികളും സർക്കാരിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ച് മുഖം രക്ഷിക്കുന്നതിന് ഭരണപക്ഷവും കിണഞ്ഞ് പരിശ്രമിക്കുകയാണ്. കേരളം ആരു ഭരിക്കും എന്നതിൽ നിർണായകമായ ചെലുത്താറുള്ള ജില്ലകളിൽ ഒന്നാണ് കോട്ടയം. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, പാല, കടുത്തുരുത്തി, വൈക്കം തുടങ്ങിയ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കോട്ടയം ജില്ല. ഇതിൽ നാല് മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് പ്രതിനിധികൾ ഉള്ളത്. ഇതിൽ രണ്ടിടത്ത് കോൺഗ്രസും ഒരിടത്ത് കേരള കോൺഗ്രസും മറ്റൊരിടത്ത് കെഡിപിയുമാണ്. ബാക്കിയുള്ള അഞ്ചു മണ്ഡലങ്ങളിലും എൽഡിഎഫ് പ്രതിനിധികൾ ആണ് വിജയിച്ചു വന്നിരിക്കുന്നത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങളിലാണ് ഇടത് എംഎൽഎമാർ ഉള്ളത്. നിലവിൽ യുഡിഎഫ് വിജയിച്ചിരിക്കുന്ന മണ്ഡലങ്ങളെല്ലാം അടുത്ത തവണയും നിലനിർത്തുവാൻ തന്നെയാണ് സാധ്യത. മാണി സി കാപ്പൻ എംഎൽഎ തുടരുന്ന പാലയിൽ മറ്റ് അത്ഭുതങ്ങൾക്കൊന്നും സാധ്യതയില്ല. ജനങ്ങളുമായി ആഴത്തിലുള്ള ബന്ധം മണ്ഡലമാകെ മാണി സി കാപ്പന് ഉണ്ട്. യുഡിഎഫിലേക്ക് എത്തുന്നതിന് പാല സീറ്റ് തിരികെ വേണമെന്ന ആവശ്യം ഒരു ഘട്ടത്തിൽ മാണി കോൺഗ്രസ് ഉയർത്തിയിരുന്നു. യുഡിഎഫ് നേതൃത്വം അതിനെ തുടക്കത്തിൽ തന്നെ തള്ളിക്കളയുകയായിരുന്നു. പ്രതിസന്ധികാലത്ത് യുഡിഎഫിനൊപ്പം ഉറച്ചുനിന്ന വ്യക്തിയാണ് മാണി സി കാപ്പനെന്നും പാല എന്നും അദ്ദേഹത്തിന് അർഹതപ്പെട്ടതാണെന്നും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണി ഐക്യകണ്ഠനെ തീരുമാനമെടുക്കുകയായിരുന്നു. സംഘടനാപരമായി മാണി സി കാപ്പന്റെ കെഡിപി പാർട്ടിയും പാലയിൽ ഇപ്പോൾ ശക്തമാണ്. മാണി സി കാപ്പൻ തന്നെ വീണ്ടും മത്സരത്തിന് ഇറങ്ങുമ്പോൾ മണ്ഡലത്തിൽ അനായാസം യുഡിഎഫിന് വിജയിക്കുവാൻ കഴിയും. ഇനി കാഞ്ഞിരപ്പള്ളി മണ്ഡലത്തിലേക്ക് വന്നാൽ കഴിഞ്ഞ തവണ സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥിയുമായ എൻ ജയരാജിന് തുടർച്ചയായ നാലാം ജയമായിരുന്നു. യുഡിഎഫ് സ്ഥാനാർഥി ജോസഫ് വാഴയ്ക്കനെ 13703 വോട്ടുകൾക്കാണ് കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജയരാജ് പരാജയപ്പെടുത്തിയത്. അതിന് മുൻപുള്ള മൂന്നുവട്ടവും കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായിരുന്ന ജയരാജ് യുഡിഎഫിലായിരുന്നു.പഴയ വാഴൂർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ ഭാഗങ്ങൾ ചേർത്ത് 2011 ലാണ് ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി മണ്ഡലം രൂപീകരിച്ചത്.
കഴിഞ്ഞതവണ കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിലേക്കു വന്നതോടെ കാഞ്ഞിരപ്പള്ളി സീറ്റിന്റെ പേരിലുളള തർക്കം മുന്നണിയിൽ പുകയുന്നുണ്ടായിരുന്നു. കേരള കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞതിന് മുൻപുള്ള തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിൽനിന്നു മൽസരിച്ചിരുന്നത് സിപിഐയാണ്. വിട്ടുകൊടുക്കില്ലെന്നു സിപിഐ നിലപാടെടുത്തെങ്കിലും സീറ്റ് കേരള കോൺഗ്രസ് എമ്മിനുതന്നെ നൽകുകയായിരുന്നു. അടുത്ത തവണ കോൺഗ്രസിന് വേണ്ടി മികച്ച സ്ഥാനാർത്ഥി രംഗത്തിറങ്ങിയാൽ മണ്ഡലം യുഡിഎഫിനൊപ്പം പോരുമെന്നതിൽ സംശയമില്ല. ജയരാജിന് മണ്ഡലത്തിൽ ആകെയുള്ള എതിർപ്പും സർക്കാരിനെതിരെയുള്ള ജനവികാരവും യുഡിഎഫിന് ഗുണം ചെയ്യും. ഇനി പൂഞ്ഞാറിലേക്ക് വന്നാൽ കഴിഞ്ഞതവണ പി സി ജോര്‍ജിനെ വീഴ്ത്തി കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി സെബാസ്റ്റിയന് കുളത്തുങ്കല്‍ വിജയം നേടുകയായിരുന്നു. എല്‍ഡിഎഫിനു വേണ്ടി കളത്തിലിറങ്ങിയ സെബാസ്റ്റിയന് കുളത്തുങ്കള്‍ 16817 വോട്ട് ഭൂരിപക്ഷത്തിനാണ് പി സി ജോര്‍ജിനെ പരാജയപ്പെടുത്തിയത്. പി സി ജോര്‍ജിന് 41851 വോട്ടാണ് ലഭിച്ചത്. 1980 ലാണ് പി.സി. ജോർജ് ആദ്യം പൂഞ്ഞാറിൽനിന്ന് നിയമസഭയിലേക്കു ജയിച്ചത്. 82 ലും ജയം ആവർത്തിച്ചു. 87 ൽ പക്ഷേ ജനതാ പാർട്ടിയുടെ എൻ.എം. ജോസഫിനോട് 1076 വോട്ടിനു പരാജയപ്പെട്ടു. 96 ൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി വീണ്ടും മൽസരിക്കാനിറങ്ങി ജയിച്ചുകയറിയ പി സി ജോർജ് തന്നെയായിരുന്നു കഴിഞ്ഞതിന് മുൻപുള്ള അഞ്ചു ടേമുകളിലായി പൂഞ്ഞാറിന്റെ എംഎൽഎ. 2016 ൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായിരുന്ന ജോർജ് കഴിഞ്ഞതവണ മുന്നണികളോടിടഞ്ഞ് കേരളജനപക്ഷം എന്ന പാർട്ടിയുണ്ടാക്കിയാണ് പോരാട്ടത്തിനിറങ്ങിയത്. യുഡിഎഫിന്റെ ഭാഗമായി മൽസരിക്കാൻ ആഗ്രഹണമുണ്ടെന്ന് ജോർജ് പലവട്ടം വ്യക്തമാക്കിയിട്ടും അനുകൂലനിലപാടുണ്ടാകാതിരുന്നതിനെ തുടർന്നാണ് തനിച്ചു മൽസരിക്കാനുള്ള തീരുമാനമെടുത്തത്. കോൺഗ്രസ് രംഗത്തിറക്കിയത് കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനിയെയായിരുന്നു.
പൂഞ്ഞാറിൽ അടുത്ത തവണ ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് മത്സരിച്ചാൽ അനായാസം വിജയം നേടുവാൻ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഒരുപക്ഷേ യുഡിഎഫ് എൽഡിഎഫ് മുന്നണികളെ തകർത്തെറിഞ്ഞു കൊണ്ടാകും ബിജെപിയുടെ പൂഞ്ഞാറിലെ ആധികാരിക വിജയം. ചങ്ങനാശ്ശേരി മണ്ഡലത്തിലേക്ക് വന്നാൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജോബ് മൈക്കിളിലായിരുന്നു കഴിഞ്ഞതവണ വിജയിച്ചു വന്നത്. കേരള കോൺഗ്രസ് സ്ഥാനാർഥി വി.ജെ. ലാലിയെ 6059 വോട്ടിനാണ് ജോബ് മൈക്കിൾ തോൽപിച്ചത്. കേരള കോൺഗ്രസുകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം നടന്ന, കോട്ടയം ജില്ലയിലെ മണ്ഡലങ്ങളിലൊന്നായിരുന്നു ചങ്ങനാശേരി. 1970 മുതൽ കേരള കോൺഗ്രസ് സ്ഥാനാർഥികൾ മാത്രം ജയിച്ചുകയറിയ, 1980 മുതൽ സി എഫ് തോമസിന്റെ കുത്തകയായിരുന്ന മണ്ഡലം. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയും കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളും ചേർന്ന മണ്ഡലത്തിൽ കഴിഞ്ഞതവണ ഏറ്റുമുട്ടിയത് സിഎഫിന്റെ രണ്ടു ശിഷ്യന്മാർ തന്നെയായിരുന്നു. കേരള കോൺഗ്രസ് സ്ഥാനാർഥിയായി വി ജെ ലാലിയായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. അടുത്ത തവണയും മണ്ഡലം സ്വാഭാവികമായും കേരള കോൺഗ്രസിന് തന്നെയാകും യുഡിഎഫ് നൽകുക. മികച്ച സ്ഥാനാർത്ഥിയെ കേരള കോൺഗ്രസിന് കണ്ടെത്തി നിർത്തുവാൻ കഴിഞ്ഞാൽ ചങ്ങനാശ്ശേരിയിൽ യുഡിഎഫിന് വിജയം നേടുക എളുപ്പമാകും. ഏറ്റുമാനൂർ മണ്ഡലത്തിലേക്ക് വന്നാൽ കഴിഞ്ഞതവണ വി എൻ വാസവൻ 14303 വോട്ടിനാണ് ജയിച്ചുകയറിയത്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസ് 43976 വോട്ടും ബിജെപിയുടെ ടി.എന്‍. ഹരികുമാര്‍ 13,747 വോട്ടും സ്വതന്ത്രയായി മത്സരിച്ച ലതികാ സുഭാഷ് 7624 വോട്ടും നേടിയിരുന്നു. യുഡിഎഫിൽ സ്ഥാനാർഥിത്വത്തെച്ചൊല്ലി 2021ൽ പോരുമുറുകിയിരുന്നു. കേരള കോൺഗ്രസിനു വിട്ടുനൽകിയ സീറ്റിൽ പ്രിൻസ് ലൂക്കോസിനെ പ്രഖ്യാപിച്ചതോടെ ഇടഞ്ഞ ലതിക സുഭാഷ് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിൽ തല മുണ്ഡനം ചെയ്തതും സ്വതന്ത്രയായി മൽസരിക്കുമെന്നും പ്രഖ്യാപിച്ചതും വാർത്തയായിരുന്നു.






