കോഴിക്കോട്: ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവി രണ്ടരവർഷംവീതം മുസ്ലിംലീഗും കോൺഗ്രസും പങ്കിടാൻ ധാരണയായി. വൈസ് പ്രസിഡന്റ് പദവി മുസ്ലിംലീഗിനാണ്. തിങ്കളാഴ് ഡോ. എം.കെ. മുനീറിൻറെ വസതിയിൽച്ചേർന്ന യുഡിഎഫ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനമായത്. ആദ്യ രണ്ടരവർഷം കോൺഗ്രസായിരിക്കും. കോടഞ്ചേരി ഡിവിഷനിൽനിന്നുള്ള മില്ലി മോഹനനെയും പയ്യോളി ഡിവിഷനിൽനിന്നുള്ള പി.ടി. ഷീബയെയുമാണ് പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ ബുധനാഴ്ച പ്രഖ്യാപനമുണ്ടാവും.
വൈസ് പ്രസിഡൻ്റ് പദവിയിലേക്ക് മുസ്ലിംലീഗ് ജില്ലാസെക്രട്ടറി നാദാപുരം ഡിവിഷനിൽനിന്നുള്ള കെ.കെ. നവാസ്, തിരുവമ്പാടി മണ്ഡലം മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറിയും യൂത്ത് ലീഗ് ദേശീയ എക്സിക്യുട്ടീവ് അംഗവുമായ താമരശ്ശേരി ഡിവിഷനിൽനിന്നുള്ള പി.ജി. മുഹമ്മദ് എന്നിവരെയാണ് പരിഗണിക്കുന്നത്. ഇതിൽ ജില്ലാസെക്രട്ടറി എന്നനിലയിൽ കെ.കെ. നവാസിനാണ് പരിഗണന.
കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാനും യോഗത്തിൽ തീരുമാനമായി. മേയർസ്ഥാനാർഥി കോൺഗ്രസ് അംഗമായിരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനാർഥി മുസ്‌ലിംലീഗും. മേയർ സ്ഥാനാർഥി ആരാണെന്ന കാര്യത്തിൽ ധാരണയായിട്ടില്ല.
നിലവിലെ കോൺഗ്രസിൻ്റെ കൗൺസിൽ പാർട്ടി ലീഡർ എന്ന നിലയിൽ കെ.സി. ശോഭിതയെ പരിഗണിച്ചേക്കാം. ശോഭിത മൂന്നാമത്തെ തവണയാണ് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മേയർ പദവി ജനറലായതിനാൽ പുരുഷ കൗൺസിലർമാർക്കും സാധ്യതയുണ്ട്. ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി മുസ്ലിംലീഗിൽ നിലവിൽ കൗൺസിലറായിരുന്നവർക്കായിരിക്കും മുൻഗണന. രണ്ടുദിവസത്തിനകം തീരുമാനമാവും.






