തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ.സി. വേണുഗോപാലിനെ താൻ പിന്തുണച്ചതായി സൂചിപ്പിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന ചിത്രത്തിന് ആധികാരികതയില്ലെന്നും മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ താൻ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എല്ലാ നേതാക്കളെയും വിളിച്ച് സമവായമുണ്ടാക്കാനാണ് താൻ ആവശ്യപ്പെട്ടതെന്നും പുറത്തുവന്ന രേഖകളിൽ എന്താണ് ഉള്ളതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും സംസാരിക്കുമെന്നും ആവശ്യമെങ്കിൽ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്രയും വേഗത്തിൽ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
അതേസമയം, ചിലയിടങ്ങളിൽ പ്രവർത്തകർ നടത്തുന്ന തെരുവ് പ്രകടനങ്ങളിൽ സണ്ണി ജോസഫ് ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ഇത്തരം പ്രകടനങ്ങൾ കൊണ്ട് കാര്യമില്ലെന്നും പാർട്ടിയുടെ വലിയ വിജയത്തിന്റെ തിളക്കം കെടുത്താൻ മാത്രമേ ഇത് സഹായിക്കൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പേരാവൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് പ്രകടനം നടത്തിയത്. ഇത്തരം പ്രവർത്തികളിൽ നിന്ന് പ്രവർത്തകർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കെ.സി. വേണുഗോപാലിനെ പിന്തുണച്ചെന്ന വാർത്ത നേരത്തെ വലിയ ചർച്ചയായിരുന്നു. എഐസിസി നിരീക്ഷകരുടെ കൈവശമുണ്ടായിരുന്ന രേഖകളുടെ ചിത്രം പുറത്തുവന്നതാണ് ഇതിന് ആധാരമായി പറയപ്പെടുന്നത്. സണ്ണി ജോസഫിന് പുറമെ ടി. സിദ്ദിഖ്, സന്ദീപ് വാര്യർ തുടങ്ങിയവരും വേണുഗോപാലിനെ അനുകൂലിച്ചെന്നും ഐ.സി. ബാലകൃഷ്ണൻ ചെന്നിത്തലയുടെയും വേണുഗോപാലിന്റെയും പേര് നിർദ്ദേശിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോൺഗ്രസിന്റെ 63 എംഎൽഎമാരിൽ 47 പേരും കെ.സി. വേണുഗോപാലിന് വേണ്ടിയാണ് നിലകൊണ്ടതെന്ന വാർത്തകൾക്കിടെയാണ് ഇപ്പോൾ അധ്യക്ഷന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിരിക്കുന്നത്.






