ചിറ്റൂര്‍: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. ചിറ്റൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറായ കൊല്ലങ്കോട് സ്വദേശി സന്തോഷ് ബാബുവിന്റെ ലൈസന്‍സാണ് പാലക്കാട് ആര് ടി ഒ സി.യു. മുജീബ് സസ്പെന്‍ഡ് ചെയ്തത്. സന്തോഷ് ബാബുവിനെ ഒരാഴ്ചത്തേക്ക് എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലേക്ക് പരിശീലനത്തിനും അയക്കും.
ഒരാഴ്ച മുന്‍പ് കൊല്ലങ്കോട്ടുനിന്ന് കോയമ്പത്തൂരിലേക്കുള്ള ചിറ്റൂര്‍ ഡിപ്പോയുടെ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ മൊബൈലില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാര്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു.ഇതേ തുടര്‍ന്ന്, ഏഴു ദിവസത്തിനകം ഡ്രൈവര്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് ചിറ്റൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു ജോര്‍ജ് കെഎസ്ആര്‍ടിസി ചിറ്റൂര്‍ ഡിപ്പോയിലേക്ക് കത്ത് അയക്കുകയും. കഴിഞ്ഞ ദിവസം സന്തോഷ് ബാബു ചിറ്റൂര്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാവുകയും ചെയ്തിരുന്നു്. പ്രതിപക്ഷാനുകൂല സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗമാണ് സന്തോഷ് ബാബു.



