Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല തീർഥാടനം സുഗമമാക്കാൻ KSRTC; രണ്ട് ഘട്ടങ്ങളിലായി 1,456 ജീവനക്കാരെ നിയോഗിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കാനും ലീസ് വ്യവസ്ഥയിൽ ബസുകൾ ലഭ്യമാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്നും പ്രത്യേക കേന്ദ്രങ്ങളിൽനിന്നും ഘട്ടംഘട്ടമായി സർവീസുകൾ ക്രമീകരിക്കും.

പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് പ്രത്യേക സർവീസുകളുണ്ടാകും. മണ്ഡലപൂജാ ഘട്ടത്തിൽ നിലയ്ക്കലിൽ 180 ബസുകളും മകരവിളക്ക് ഘട്ടത്തിൽ 220 ബസുകളും വിന്യസിക്കും. ചെങ്ങന്നൂരിൽ യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും സർവീസിനായി ക്രമീകരിച്ചിട്ടുണ്ട്.

രണ്ട് ഘട്ടങ്ങളിലായി 1,456 ജീവനക്കാർ

പ്രത്യേക സർവീസുകളുടെ സുഗമമായ നടത്തിപ്പിനായി പമ്പയിലും നിലയ്ക്കലിലുമായി രണ്ട് ഘട്ടങ്ങളിലായി 1,456 ജീവനക്കാരെ നിയോഗിക്കും. മണ്ഡലപൂജാ ഘട്ടത്തിൽ 678 പേരെയും മകരവിളക്ക് ഘട്ടത്തിൽ 778 പേരെയുമാണ് ചുമതലപ്പെടുത്തുക. ഡ്രൈവർമാർ, കണ്ടക്ടർമാർ, ഇൻസ്പെക്ടർമാർ, മെക്കാനിക്കുകൾ, ഓഫിസ് ജീവനക്കാർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ളവരെയാണ് നിയോഗിക്കുന്നത്.

ആദ്യഘട്ടത്തിൽ 325 ഡ്രൈവർമാരെയും 225 കണ്ടക്ടർമാരെയും രണ്ടാംഘട്ടത്തിൽ 375 ഡ്രൈവർമാരെയും 275 കണ്ടക്ടർമാരെയും വിന്യസിക്കും. സർവീസുകൾ സുരക്ഷിതമായും കാര്യക്ഷമമായും നടത്തുന്നതിനായി ജീവനക്കാർക്ക് അഗ്നിരക്ഷാ സേനയുടെയും മെഡിക്കൽ വിഭാഗത്തിന്റെയും പരിശീലനം നൽകിയിട്ടുണ്ട്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൈകാര്യം ചെയ്യുന്ന മെക്കാനിക്കൽ ജീവനക്കാർക്ക് വാഹന നിർമാണ കമ്പനികളുടേതുൾപ്പെടെയുള്ള പ്രത്യേക പരിശീലനങ്ങളും നൽകിയിട്ടുണ്ട്.

ബജറ്റ് ടൂറിസം സെൽ വഴി പ്രത്യേക സർവീസുകൾ

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മുഖേന ശബരിമല തീർഥാടനത്തിനായി ചാർട്ടേഡ് സർവീസുകളും ഓൺലൈൻ റിസർവേഷൻ സൗകര്യവും ഒരുക്കും. വിവിധ ഡിപ്പോകൾക്കും പ്രത്യേക സർവീസ് കേന്ദ്രങ്ങൾക്കും സമീപമുള്ള ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. തീർഥാടകർക്ക് വിശ്രമിക്കാനും വിരിവയ്ക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

ഇതിനായി തെരഞ്ഞെടുത്ത 70-ലധികം ക്ഷേത്രങ്ങളുടെ വിവരങ്ങൾ കെഎസ്ആർടിസി വൈകാതെ പ്രസിദ്ധീകരിക്കും. ജനപ്രതിനിധികളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് പുതിയ സർവീസുകളും അധിക ട്രിപ്പുകളും ക്രമീകരിക്കാനാണ് തീരുമാനം.

അടിസ്ഥാന സൗകര്യങ്ങളും ഗതാഗത നിയന്ത്രണവും ശക്തമാക്കും

പമ്പയിലും നിലയ്ക്കലിലും ബസ് പാർക്കിങ്, ഗാരേജ്, ജീവനക്കാരുടെ വിശ്രമ-താമസ സൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തും. നിലയ്ക്കലിൽ ബസുകൾക്ക് ആവശ്യമായ പാർക്കിങ് സ്ഥലം ഉറപ്പാക്കുന്നതിനും അനധികൃത പാർക്കിങ് നിയന്ത്രിക്കുന്നതിനും ബസ് സ്റ്റേഷൻ പരിസരത്ത് പൊലീസ് സഹായം ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിക്കും. ത്രിവേണിയിൽ യാത്രക്കാർക്കായി കാത്തിരിപ്പുകേന്ദ്രവും ബാരിക്കേഡ് സംവിധാനവും ഒരുക്കും.

തിരക്ക് നിയന്ത്രിക്കുന്നതിനും ബസുകൾ സമയബന്ധിതമായി വിന്യസിക്കുന്നതിനുമായി പമ്പ കൺട്രോൾ റൂമുമായുള്ള ഏകോപനം ശക്തിപ്പെടുത്തും. തീർഥാടകരുടെ വരവും മടക്കയാത്രയും സംബന്ധിച്ച വിവരങ്ങൾ വിലയിരുത്തി പമ്പയിലും നിലയ്ക്കലിലും ആവശ്യാനുസരണം കൂടുതൽ ബസുകൾ ക്രമീകരിക്കും.

നിലയ്ക്കൽ–പമ്പ റൂട്ടിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും സർവീസുകളെ ബാധിക്കുന്ന അനധികൃത സമാന്തര സർവീസുകളും പാർക്കിങ്ങും നിയന്ത്രിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നടപടികൾ സ്വീകരിക്കും. പമ്പ, ചെങ്ങന്നൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക ഗതാഗത നിയന്ത്രണ സമിതി യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. തീർഥാടകർക്ക് പരാതിരഹിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി പൂർണ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix