തിരുവനന്തപുരം: പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ, വിഷു അവധിക്കാല തിരക്ക് മുന്നിൽ കണ്ടുകൊണ്ട് കെഎസ്ആർടിസി ഏപ്രിൽ 1 മുതൽ 21 വരെ പ്രത്യേക അധിക സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമായി ആകെ 42 സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാലാ, തൃശൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കാണ് സർവീസുകൾ. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് 13 അധിക ബസുകളും സജ്ജമാക്കും.
ഏപ്രിൽ 9ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് എത്താൻ ട്രെയിൻ ടിക്കറ്റുകൾ ലഭിക്കാതെ യാത്രക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ പരമാവധി സർവീസുകൾ ഒരുക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.
ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാം. കൂടാതെ 20 രൂപ അധികം നൽകുന്ന യാത്രക്കാർക്ക് ആവശ്യമായിടത്ത് സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിലും ബസ് നിർത്താനുള്ള സൗകര്യവും ലഭ്യമാക്കും.




