കൊച്ചി: എറണാകുളത്ത് യുവതിയുടെ ദുരൂഹ മരണത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി പാമ്പായി മൂല സ്വദേശിയായ വിഷ്ണു (36) യെയാണ് പൊലീസ് പിടികൂടിയത്. ഭാര്യ സാന്ദ്രയുടെ മരണത്തിൽ സംശയം ഉയർത്തി ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. പള്ളുരുത്തി പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം 20-നാണ് സാന്ദ്രയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഉണ്ടായ തർക്കമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




