തൃശ്ശൂർ: കുന്നംകുളം പാറേമ്പാടത്ത് ഉണ്ടായ സ്വകാര്യ ബസ് അപകടത്തിൽ ബസ് ഡ്രൈവർ പൊലീസിൽ കീഴടങ്ങി. കേച്ചേരി സ്വദേശി അബ്ദുൽ സലാമാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ബോധപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായും അമിത വേഗതയിലും വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡ്രൈവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടത്. ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്.
രണ്ട് സ്ത്രീകളാണ് അപകടത്തിൽ മരിച്ചത്. കുറ്റിപ്പുറത്ത് നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് രണ്ട് കാറുകളിലും ഒരു ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച ശേഷം മതിലും ഗേറ്റും തകർത്ത് വീടിന്റെ മുറ്റത്ത് നിന്നു.
കാറിൽ യാത്ര ചെയ്തിരുന്ന കുന്നംകുളം പോർക്കുളം സ്വദേശിനി 17കാരി റിയ ഫാത്തിമയും ബൈക്ക് യാത്രക്കാരിയായ അയ്യംപറമ്പ് സ്വദേശിനി തങ്കമണിയുമാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


