തൃശ്ശൂർ ∶ കുന്നംകുളം ഗേൾസ് ഹൈസ്കൂൾ പള്ളിയിലെ പെരുന്നാളിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ ആരോപണവിധേയനായ കുന്നംകുളം സ്റ്റേഷൻ ഇൻസ്പെക്ടർ വൈശാഖിനെ സ്ഥലംമാറ്റി. ഒല്ലൂരിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്.
നവംബർ രണ്ടിന് നടന്ന പെരുന്നാളിനിടെ കുറുക്കൻപാറയിൽ വച്ച് സിപിഎം പ്രവർത്തകരെ എസ്‌ഐയും സംഘവും ചേർന്ന് അകാരണമായി മർദ്ദിച്ചുവെന്നാരോപിച്ച് പരാതി ഉയർന്നിരുന്നു. സംഭവത്തെ തുടർന്ന് സിപിഎം ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
വൈശാഖിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും അടിയന്തര പരാതിയും നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് വൈകീട്ടോടെ സ്ഥലംമാറ്റം നടന്നത്.
അടുത്തിടെ പെരുന്നാൾ, ചീരംകുളം, പാറക്കാടി പൂരങ്ങൾ തുടങ്ങിയ ആഘോഷങ്ങൾക്കിടയിലും അകാരണമായി ചിലരെ മർദ്ദിച്ചുവെന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു.










