മുംബൈ: ചൈനയിൽ നിന്നുള്ള വ്യവസായ നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര വാണിജ്യമന്ത്രിപീയൂഷ് ഗോയൽ അറിയിച്ചു. ആഭ്യന്തര ഉത്പാദന ശേഷി വർധിപ്പിക്കുകയും ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ വ്യവസായ മേഖലയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ചൈനയിൽ നിന്ന് കൂടുതൽ സാങ്കേതികവിദ്യയും നിക്ഷേപവും ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് കാലഘട്ടത്തിൽ ഇന്ത്യൻ കമ്പനികളുടെ മൂല്യം ഇടിഞ്ഞ സാഹചര്യത്തിൽ അയൽരാജ്യങ്ങളിൽ നിന്ന് വരുന്ന നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യൻ കമ്പനികളെ അവസരം മുതലെടുത്ത് ഏറ്റെടുക്കുന്നത് തടയുക എന്നതായിരുന്നു ലക്ഷ്യം.
ചൈനീസ് പൊതുമേഖലാ സ്ഥാപനങ്ങൾ ഇന്ത്യയിലെ ബാങ്കുകൾ ഉൾപ്പെടെ ചില കമ്പനികളിൽ ഓഹരികൾ കൂട്ടത്തോടെ സ്വന്തമാക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. പുതിയ സാഹചര്യത്തിൽ ചൈനീസ് നിക്ഷേപങ്ങൾക്ക് അനുമതി നൽകുന്ന പ്രക്രിയ വേഗത്തിലാക്കുകയും വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് മുൻഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, അമേരിക്കയുമായുള്ള വ്യാപാരക്കരാറിനെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ വ്യക്തത ലഭിച്ചതിന് ശേഷമേ മുന്നോട്ടുകൊണ്ടുപോകൂവെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് ഫെബ്രുവരി മാസത്തിൽ രൂപപ്പെടുത്തിയ വ്യാപാര ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ നിയമപരമായ കരാർ ഉണ്ടാക്കാനായിരുന്നു തീരുമാനം.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന അധിക തീരുവകൾ യു.എസ്. സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചത്. തുടർന്ന് ട്രംപ് 10 ശതമാനം ആഗോള തീരുവ പ്രഖ്യാപിച്ചിരുന്നു. എല്ലാ രാജ്യങ്ങൾക്കും ഒരേ നിരക്കിൽ തീരുവ ബാധകമായ സാഹചര്യത്തിൽ ഭാവി ചർച്ചകൾക്ക് മുമ്പ് മാറ്റങ്ങൾ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.




