തൃശ്ശൂർ : കുന്നംകുളത്തിന്റെ അഭിമാനമായിരുന്ന വലിയപുരക്കൽ സൂര്യൻ ഇന്നലെ വൈകിട്ട് ചെരിഞ്ഞു. പലവിധ അസുഖങ്ങളാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്ഷീണിതനായിരുന്നു സൂര്യൻ. കൂട്ടുപാതയിലെ ആനത്തറയിൽ വച്ച് ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ആന ചെരിഞ്ഞത്.
വലിയപുരക്കൽ ആനത്തറവാട്ടിൽ ഉണ്ടായിരുന്ന മൂന്നാമത്തെ ആനയാണ് ഇന്നലെ ചെരിഞ്ഞത്. ഈ തറവാട്ടിലെ മറ്റൊരു ആനയായ വലിയപുരക്കൽ ആര്യനന്ദൻ ഏഴ് മാസം മുൻപ് ചെരിഞ്ഞിരുന്നു. വർഷങ്ങൾക്കു മുൻപ് ഇവരുടെ തന്നെ ധ്രുവൻ എന്ന ആന കുറുക്കൻപാറയിലെ ഒരു കിണറ്റിൽ വീണ് ദാരുണമായി മരണപ്പെട്ടിരുന്നു.
ഇതോടെ വലിയപുരക്കൽ ആനത്തറവാട്ടിൽ ഇനി ആനകളില്ല. സൂര്യന് ഏകദേശം 70 വയസ്സോളം പ്രായമുണ്ടായിരുന്നു.
കുന്നംകുളം പ്രദേശത്തെ നിരവധി ഉത്സവങ്ങളിൽ നിറസാന്നിധ്യമായിരുന്നു വലിയപുരക്കൽ സൂര്യൻ. ആനപ്രേമികളും നാട്ടുകാരും സൂര്യന്റെ ചെരിവിൽ ആഴം നിറഞ്ഞ ദുഃഖം രേഖപ്പെടുത്തി.





