മലപ്പുറം: മലപ്പുറം പാണ്ടിക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റും വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കുരിക്കൾ അഷ്റഫ് സിപിഎമ്മിൽ ചേർന്നു. കോൺഗ്രസിൽ നിന്നുള്ള തുടർച്ചയായ അവണനയാണ് തന്നെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് അഷ്റഫ് പറഞ്ഞു. 35 വർഷത്തെ തൻ്റെ കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിച്ചാണ് കുരിക്കൾ അഷ്റഫ് സിപിഎം അംഗത്വം സ്വീകരിച്ചത്.
മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റായിട്ടും എല്ലാ മേഖലയിൽ നിന്നും തന്നെ അവഗണിക്കുന്ന സമീപനമാണ് കോൺഗ്രസിനുള്ളതെന്നും, ഇടതു പക്ഷമാണ് ശരിയെന്ന് മനസ്സിലാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് കൂറുമാറ്റമെന്നും അഷ്റഫ് പറഞ്ഞു. അഷ്റഫിൻ്റെ ഭാര്യ ഹൗവ്വ ജുസ്ന പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്തിലെ 18 ആം വാർഡ് എൽഡിഎഫ് സ്ഥാനാർഥിയായും മൽസരിക്കും.
കൂടാതെ ലീഗ് പ്രതിനിധിയായ എ.ടി.ഉമ്മർ സിപിഐ ലും ചേർന്നു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് വെള്ളുവങ്ങാട് ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി എ.ടി. നാസർ മൽസരിക്കും. മുന്നണിയിൽ ചേർന്നവർക്ക് എൽഡിഎഫ് നേതാക്കൾ സ്വീകരണവും നൽകി. പി. രാധാകൃഷ്ണൻ, നാസർ ഡിബോണ, കൊരമ്പയിൽ ശങ്കരൻ, എൻ.ടി.ഹരിദാസൻ , പി.രാമദാസ് തുടങ്ങിയവർ പങ്കെടുത്തു.










