കോട്ടയം: കോട്ടയം ജില്ലാ കർഷക വിപണന ലേല കേന്ദ്രത്തിന്റെയും സംഘമൈത്രിയുടെയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കുറുപ്പന്തറയിൽ തുടക്കമായി. കൃഷിവകുപ്പ് അനുവദിച്ച 18.50 ലക്ഷം രൂപ ചെലവഴിച്ചുള്ള നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായാണ് ഈ നവീകരണ പ്രവർത്തനങ്ങൾ. ലേല കേന്ദ്രം പൂർണ്ണമായും അടച്ചുറപ്പുള്ളതാക്കുക, ഗ്രില്ലുകൾ സ്ഥാപിക്കുക, തറയിൽ ടൈൽ പാകുക, കർഷകർക്കായി സുരക്ഷിതമായ ഓഫീസ് സൗകര്യങ്ങൾ ഒരുക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ലേല കേന്ദ്രത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 10 ലക്ഷം രൂപയുടെ ‘റിവോൾവിങ് ഫണ്ട്’ അനുവദിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് എം.എൽ.എ അറിയിച്ചു. കൂടാതെ, കർഷകർക്ക് നിലവിൽ നൽകുന്ന ഒന്നര രൂപ ട്രാൻസ്പോർട്ടേഷൻ ചാർജ് മൂന്ന് രൂപയായി വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2012-ൽ സ്ഥാപിതമായ ഈ കേന്ദ്രം കടുത്തുരുത്തി, ഉഴവൂർ ബ്ലോക്കുകളിലെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ജില്ലാ കൃഷിവകുപ്പ് എൻജിനീയറിങ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് പദ്ധതി വിശദീകരണം നടത്തി. സംഘമൈത്രി വർക്കിംഗ് പ്രസിഡന്റ് ജോയി ജോസഫ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആൻമരിയ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, വിവിധ തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.




