കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ആറാം സ്ഥാനത്ത്. നോർവേയ്ക്കും ഹോങ്കോങ്ങിനും ഒപ്പമാണ് കുവൈത്ത് സ്ഥാനം ഉറപ്പിച്ചത്. 144 രാജ്യങ്ങളിലെ 1.44 ലക്ഷം പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഗാല്ലപ്പ് പുറത്തിറക്കിയ 2025 ലെ ആഗോള സുരക്ഷാ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
സിംഗപ്പൂർ പട്ടികയിൽ ഒന്നാം സ്ഥാനവും താജിക്കിസ്ഥാൻ രണ്ടാമതും എത്തിയപ്പോൾ, അറബ് ലോകത്ത് സുരക്ഷാ കാര്യങ്ങളിൽ ഒമാൻ ഒന്നാമതും, അതിനു പിന്നാലെ സൗദി അറേബ്യയും കുവൈത്തും സ്ഥാനമുറപ്പിച്ചു.
രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ സുരക്ഷിതത്വം അനുഭവപ്പെടുന്നവരുടെ ശതമാനത്തെ അടിസ്ഥാനമാക്കിയാണു റാങ്കിംഗ് തയ്യാറാക്കിയത്. ആഗോളതലത്തിൽ 73 ശതമാനം പേർക്ക് സ്വന്തം രാജ്യങ്ങളിൽ രാത്രി ഒറ്റയ്ക്ക് നടക്കുമ്പോൾ സുരക്ഷിതമെന്ന് തോന്നുന്നുവെന്നതാണ് റിപ്പോർട്ടിന്റെ കണ്ടെത്തൽ. 2006ൽ ഈ നിരക്ക് 63 ശതമാനമായിരുന്നു. ഏകദേശം 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരമാണിത്. ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടം നേടിയ ഏക യൂറോപ്യൻ രാജ്യം നോർവേയാണ്.










