ആലപ്പുഴ: കൊലപാതക കേസിൽ അഭിഭാഷകന് ജീവപര്യന്തം ശിക്ഷ. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വരകാടിവെളി കോളനി സ്വദേശി മഹേഷിനെ ആണ് ആലപ്പുഴ അഡിഷനൽ ജില്ലാ കോടതി (രണ്ട്) ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചത്. മണ്ണഞ്ചേരി വരകാടിവെളി കോളനിയിലെ സുദർശനനെ കൊലപ്പെടുത്തിയ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്.
2020 ഒക്ടോബർ 29നാണ് കേസിനാസ്പദമായ സംഭവം. സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി ഷെഡ് വച്ചതിനെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് സുദർശനെ കൊലപ്പെടുത്തുകയായിരുന്നു. മഹേഷും സുദർശനനും ബന്ധുക്കളാണ്. കൊലപാതകം നടക്കുമ്പോൾ കോഴിക്കോട് അഭിഭാഷക വിദ്യാർഥിയായിരുന്ന മഹേഷ് കേസിന്റെ വിചാരണ നടന്ന സമയം കോഴിക്കോട് പ്രാക്ടീസ് തുടങ്ങുകയായിരുന്നു.






