കോട്ടയം: വീടിനുള്ളിൽ ചെറിയ ഇടങ്ങളിൽ വയ്ക്കാവുന്ന കൊച്ചു പുൽക്കൂടാണ് ഇത്തവണത്തെ പ്രത്യേകത. പുൽക്കൂട്ടിലെ രൂപങ്ങളുടെ നിർമിതിയും മാറുകയാണ്. വളരെ പണ്ടുകാലത്ത് കളിമണ്ണിൽ ഉണ്ടാക്കിയിരുന്ന രൂപങ്ങൾ ഇപ്പോൾ തടിയിലും സെറാമിക്കിലുമായി. വെള്ളയും ഗോൾഡും നിറത്തിലുള്ളതും ഐവറി നിറത്തിലുള്ളതുമാണ് ഇത്തവണത്തെ താരങ്ങൾ.രണ്ട് ഇഞ്ച് മുതൽ രണ്ട് അടി വരെയുള്ള രൂപങ്ങളുണ്ട്.
മൂന്നൂറ് രൂപ മുതൽ രണ്ടായിരത്തിയഞ്ഞൂറു രൂപ വരെയുള്ള സെറ്റുകളുണ്ട്. എന്നാൽ പൂൽക്കൂടില്ലാത്തവരും വിഷമിക്കണ്ട, വട്ടത്തിൽ പലകപോലയുള്ള പ്രതലത്തിൽ ഒരുക്കി വച്ചതു പോലുള്ള സെറ്റുകളും ലഭിക്കും. തടി, ഈറ, ചൂരൽ എന്നിവ കൊണ്ടുള്ള പുൽക്കൂടുകൾ വിപണിയിലുണ്ട്. ഇതുകൂടാതെ പരമ്പരാഗതമായ രീതിയിൽ വീടുകളിൽ ഉണ്ടാക്കുന്ന പുൽക്കൂടുകളും ഇത്തവണ ട്രെൻഡിങാണ്.
പുല്ലു മുളപ്പിച്ച് പുൽമേടുകളൊരുക്കി, ചെടികളും കാലിത്തോഴുത്തും പണിത്, വലിയ രൂപങ്ങളെ വച്ച് പുൽക്കൂടുണ്ടാക്കും. ദിവസങ്ങൾ നീളുന്ന ഒരുക്കങ്ങൾക്കൊടുവിലാണ് ഇത്തരം പുൽക്കൂടുകൾ പണിതെടുക്കുന്നത്. പുൽക്കൂടുകളിൽ ഇരുപത്തിനാലിനു രാത്രിയാണ് ഉണ്ണിയേശുവിനെ പ്രതിഷ്ഠിക്കുക.






